ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും വിക്കറ്റുകള്‍ നഷ്ടമായി.ആദ്യ ഓവറില്‍ നാലു റണ്‍സെടുത്ത വാര്‍ണറെ ആര്‍ച്ചര്‍ സ്ലിപ്പില്‍ ബെന്‍ സ്റ്റോക്സിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ തന്‍റെ രണ്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയെ(10) ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി.

രാജസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് എട്ടോവറില്‍ രണ്ട് വിക്കറ്റ് രണ്ട് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. 23പന്തില്‍ 43 റണ്‍സുമായി മനീഷ് പാണ്ഡെയും 15 പന്തില്‍ ഒമ്പത് റണ്‍സുമായി വിജയ് ശങ്കറും ക്രീസില്‍. തുടക്കത്തിലെ തകര്‍ന്ന ഹൈദരാബാദിനെ പ്രത്യാക്രമണത്തിലൂടെ മനീഷ് പാണ്ഡെയാണ് കരകയറ്റിയത്. കാര്‍ത്തിക് ത്യാഗി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്സും ഒറു ബൗണ്ടറിയും പറത്തി മനീഷ് പോരാട്ടം നയിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തത്. 26 പന്തില്‍ 36 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി മൂന്ന് വിക്കറ്റെടത്ത ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗില്‍ തിളങ്ങി.