ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. 12 പന്തില്‍ 19 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ മലയാളി താരം സഞ്ജു സാംസണും 12 റണ്ണുമായി ബെന്‍ സ്റ്റോക്സും ക്രീസില്‍.

കരുതലോടെ തുടങ്ങി

ഉത്തപ്പയും ബട്‌‌ലറും ചേര്‍ന്ന് രാജസ്ഥാന് നല്ല തുടക്കമാണ് നല്‍കിയത്. സന്ദീപ് ശര്‍മയുടെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഇരുവരും ജേസണ്‍ ഹോള്‍ഡറുടെ രണ്ടാം ഓവറില്‍ ആറ് റണ്‍സടിച്ചു. സന്ദീപ് ശര്‍മയെ മൂന്നാം ഓവറില്‍ സിക്സിനും ഫോറിനും പറത്തി ഉത്തപ്പയും ഹോള്‍ഡറെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി കടത്തി സ്റ്റോക്സും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ ടോപ് ഗിയറിലായി.

എന്നാല്‍ ഇല്ലാത്ത റണ്ണിനോടി ഉത്തപ്പ ജേസണ്‍ ഹോള്‍ഡറുടെ നേരിട്ടു ത്രോയില്‍ റണ്ണൗട്ടായി. വണ്‍ഡൗണായെത്തിയ സഞ്ജു സാംസണ്‍ സന്ദീപ് ശര്‍മയെ തുടര്‍ച്ചയായ പന്തുകളില്‍ ബൗണ്ടറി കടത്തി കരുത്തുകാട്ടി.

കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്. മലയാളി താരം ബേസില്‍ തമ്പിക്ക് പകരം ഷഹബാസ് നദീമും കെയ്ന്‍ വില്യംസണ് പകരം ജേസണ്‍ ഹോള്‍ഡറും ഹൈദരാബാദ് ടീമിലെത്തി. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയത്.

Poererd BY