ദുബായ്: ബാറ്റുകൊണ്ടു മാത്രമല്ല, ഫീല്‍ഡിലും തന്‍റെ സാന്നിധ്യം അറിയിക്കാന്‍ സഞ്ജു സാംസണ് പ്രത്യേക മിടുക്കുണ്ട്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ ബൗണ്ടറിയില്‍ വായുവില്‍ പറന്ന് സഞ്ജു സിക്സ് സേവ് ചെയ്യുന്നതുകണ്ട് ക്യാപ്റ്റന്‍ വിരാട് കോലിപോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചതാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ജോസ് ബട്‌ലറുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായപ്പോഴും കണ്ടു സഞ്ജുവിന്‍റെ ഫീല്‍ഡിംഗ് മികവ്. കേദാര്‍ ജാദവിനെ പുറത്താക്കാന്‍ ആകാശത്തേക്കുയര്‍ന്ന് ഒറ്റക്കൈയില്‍ ക്യാച്ച് കൈയിലൊതുക്കി സഞ്ജു ആരാധകരെ അതിശയിപ്പിച്ചു.

ഇപ്പോഴിതാ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയും ആരാധകരെക്കൊണ്ട് കൈയടിപ്പിക്കുന്ന ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുത്തിരിക്കുകയാണ് സഞ്ജു. കൊല്‍ക്കത്തയുടെ പാറ്റ് കമിന്‍സിനെ പുറത്താക്കാനാണ് സഞ്ജു ഡീപ് ഫൈന്‍ ലെഗ്ഗില്‍ പിന്നിലേക്ക് പറന്ന് ക്യാച്ച് കൈയിലൊതുക്കിയത്. ക്യാച്ച് പൂര്‍ത്തിയാക്കിയശേഷം ഗ്രൗണ്ടില്‍ തലയിടിച്ചുവീണെങ്കിലും പരിക്കേല്‍ക്കാതിരുന്നത് ആശ്വാസമായി.