ദുബായ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗിന്റെ കണ്ടുപിടുത്തമാണ് ജസ്പ്രീത് ബൂമ്ര. മുംബൈ ഇന്ത്യന്‍ നാല് ഐപിഎല്‍ കിരീടങ്ങള്‍ ചൂടുമ്പോള്‍ അതില്‍ നിര്‍ണായക പങ്ക് താരം വഹിച്ചിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ താരം ടീ്മിന്റെ അവിഭാജ്യ ഘടകമായി. നിശ്ചിത ഓവര്‍ ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റ് ടീമിലും താരം സ്ഥിരം സാന്നിധ്യമായി. 

മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോള്‍ ഇത്രത്തോളം ആത്മവിശ്വാസം ലഭിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുയാണ് താരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അതിന് കാരണമെന്നാണ് ബൂമ്ര പറയുന്നത്.  ''എന്നെ സംബന്ധിച്ചിടത്തോളം രോഹിത് എപ്പോഴും എനിക്ക് സ്വതന്ത്ര്യം നല്‍കിയിട്ടുണ്ട്. ക്രിക്കറ്റില്‍ ഫീല്‍ഡില്‍ ഗുണമെന്ന് തോന്നുന്നത് ചെയ്യാനാണ് രോഹിത് പറയാറ്. ഏത് സാഹചര്യമായാലും മനസ് ആവശ്യപ്പെടുന്ന രീതിയില്‍ പന്തെറിയാന്‍ അദ്ദേഹം പറയും. അതുതന്നെയാണ് എന്റെ ആത്മവിശ്വാസം വര്‍ധപ്പിക്കുന്നത്. ഒരു ക്യാപ്റ്റനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം അവരവുരെ ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുകയെന്നതാണ്. അതോടൊപ്പം ബൗളര്‍മാരെ വിശ്വാസത്തിലെടുക്കണം. ഇത് രോഹിത്തിനുണ്ട്. '' ബൂമ്ര പറഞ്ഞുനിര്‍ത്തി.

മുംബൈയുടെ മറ്റൊരുതാരം സൂര്യകുമാര്‍ യാദവും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി. ''തുറന്ന് സംസാരിക്കുന്ന ക്യാപ്റ്റനാണ് രോഹിത്. ഗ്രൗണ്ടില്‍ എന്ത് തീരുമാനമെടുക്കുമ്പോഴും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യും. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.'' സൂര്യകുമാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

ചിന്തിക്കുന്ന ക്രിക്കറ്ററാണ് രോഹിത് ശര്‍മയെന്നും ശാന്തനായിട്ടാണ് ഏതൊരു വെല്ലുവിളിയും സ്വീകരിക്കുന്നതെന്ന് കോച്ചിംഗ് സ്റ്റാഫില്‍ അംഗമായ സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.