ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ താരം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍, നാല് പന്തില്‍ അത്രയും തന്നെ റണ്‍സെടുക്കാനേ ലിറ്റണ് സാധിച്ചുള്ളൂ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബംഗ്ലാദേശി താരം ലിറ്റണ്‍ ദാസ് നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ ആവശ്യം വന്നതിനാലാണ് താരം തിരികെപ്പോയത്. ഈ സീസണില്‍ ലിറ്റണ്‍ ദാസിന്‍റെ സേവനം കെകെആറിന് ഇനി ലഭിച്ചേക്കില്ല. മെയ് നാല് വരെ മാത്രമേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ലിറ്റണ്‍ ദാസിന് എന്‍ഒസി നല്‍കിയിരുന്നുള്ളൂ. 50 ലക്ഷം രൂപയ്ക്കാണ് ലിറ്റണ്‍ ദാസിനെ കെകെആര്‍ ടീമിലെത്തിച്ചത്.

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ താരം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍, നാല് പന്തില്‍ അത്രയും തന്നെ റണ്‍സെടുക്കാനേ ലിറ്റണ് സാധിച്ചുള്ളൂ. അയര്‍ലൻഡിന്‍റെ ബംഗ്ലാദേശ് പര്യടനം കാരണം വൈകിയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. ഏകദിന പരമ്പരയ്ക്കായി അയര്‍ലന്‍ഡിലേക്ക് പോകുന്ന ബംഗ്ലാദേശ് സംഘത്തിലും ലിറ്റണ്‍ ഉള്‍പ്പെട്ടേക്കും. നേരത്തെ, ഷാക്കിബ് അല്‍ ഹസനും ഐപിഎല്‍ നഷ്ടമായിരുന്നു.

പകരം ജേസണ്‍ റോയിയെ ആണ് കെകെആര്‍ ടീമിലെത്തിച്ചത്. ലിറ്റണെയും ഷാക്കിബിനെയും ലേലത്തില്‍ എടുത്തതോടെ ഒരു രാജ്യം മുഴുവൻ ഇത്തവണ കെകെആറിന് പിന്നിൽ അണിനിരക്കുമെന്ന് ടീമിന്‍റെ ഫേസ്ബുക്ക് പേജിൽ ബം​ഗ്ലാദേശി ആരാധകർ കുറിച്ചിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ കെകെആര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആർസിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി ഫിഫ്റ്റി നേടിയെങ്കിലും ഗുണമുണ്ടായില്ല.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവർത്തി മൂന്നും ആന്ദ്രേ റസലും സുയാഷ് ശർമ്മയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. നാളെ ഹോം ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനെതിരെ അവിശ്വസനീയ വിജയം നേടാനായത് കെകെആറിന് ആത്മവിശ്വാസം പകരം. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുംബൈയെ തോല്‍പ്പിച്ച ആവേശത്തിലാണ് എത്തുന്നത്.

ഇതില്‍ കൂടുതല്‍ എന്ത് വേണം! റിങ്കു സിംഗിന് മുന്നില്‍ കോരിത്തരിപ്പിക്കുന്ന ഓഫറുമായി കിംഗ് ഖാൻ, സംഭവമിങ്ങനെ