അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തിന് അല്‍പസമയത്തിനകം ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 7.30 നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലാണ് പഞ്ചാബിനെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍. ഇരുടീകളിലേയും താരങ്ങളെ കാത്ത് ചില നേട്ടങ്ങള്‍ കാത്തിരിക്കുന്നുണ്ട്. പഞ്ചാബിന്റെ ക്രിസ്് ഗെയ്ല്‍, രാഹുല്‍ ഡല്‍ഹിയുടെ ഋഷഭ് പന്ത്, അമിത് മിശ്ര എന്നിവരാണ് നേട്ടങ്ങള്‍ക്ക് തൊട്ടരികിലുള്ളത്. 

23 റണ്‍സ് കൂടി നേടിയാല്‍ രാഹുലിന് 2000 റണ്‍സ് പൂര്‍ത്തിയാക്കാം. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായി 593 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ദേശീയ ടീമിലും മികച്ച ഫോമില്‍ കളിക്കുന്ന രാഹുലിന് ആദ്യ മത്സരത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഐപിഎല്ലില്‍ 4500 റണ്‍സ് എന്ന കടമ്പയിലേക്ക് ഗെയ്ലിന് 16 റണ്‍സ് കൂടി മതി. ഇതുവരെ 4,484 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. 125 മത്സരങ്ങളാണ് ഗെയ്ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുള്ളത്. അയ്യായിരം റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാം വിദേശ താരം മാത്രമാകും ഗെയ്ല്‍. ഓസ്ട്രേലിയയുടെഡേവിഡ് വാര്‍ണറാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള വിദേശ താരം.

മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി 100 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കാവും. ഐപിഎല്ലില്‍ ഒന്നാകെ 157 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് മിശ്ര. വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് താരം. ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ കാത്തും ഒരു നേട്ടമുണ്ട്. ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 സിക്‌സുകള്‍ നേടുന്ന താരമാവാം പന്തിന്. 

ഇതിഹാസങ്ങളായ രണ്ട് മുന്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിയുടെ പരിശീലകന്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പഞ്ചാബിന്റേത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുമാണ്.