ദുബായ്: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റേത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ അതിവേഗ സെഞ്ചുറി ക്ലാസും മാസും നിറഞ്ഞതായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ഇതില്‍ 132 റണ്‍സ് രാഹുലിന്റെ വകയായിരുന്നു. 69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും നിറഞ്ഞതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 

ഇത്രയും റണ്‍സ് നേടിയപ്പോള്‍ ഒരു റെക്കോഡ് കൂടി കൂടെപോന്നു. ഐപിഎല്ലില്‍ ഒരു ടീം ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് രാഹുല്‍ അടിച്ചെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് രാഹുല്‍ മറികടന്നത്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 126 റണ്‍സാണ് വാര്‍ണര്‍ നേടിയിരുന്നത്. ഈ സീസണിലാണ് രാഹുല്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും ആര്‍സിബിക്കെതിരെ ജയിച്ചത് ക്യാപ്റ്റന്റേയും ടീമിന്റേയും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

മറ്റുചില റെക്കോഡുകള്‍ കൂടി രാഹുല്‍ സ്വ്ന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഒരിന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രാഹുലിന്റേ പേരിലായി. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ അക്കൗണ്ടിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 128 റണ്‍സാണ് പന്ത് നേടിയിരുന്നത്. ടൂര്‍ണമെന്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോഡും രാഹുലിന്റെ പേരിലായി. 60 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുല്‍ 2000 പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രാഹുല്‍ മറികടന്നത്. മുംബൈ ഇന്ത്യന്‍സിനായി സച്ചിന്‍ 63 ഇന്നിങ്‌സിലാണ് ഇത്രയും റണ്‍സെടുത്തിരുന്നത്. 

ആര്‍സിബിക്കെതിരെ 97 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. 206നെതിരെ 17 ഓവറില്‍ 109 റണ്‍സിന് ആര്‍സിബി പുറത്താവുകയായിരുന്നു. 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും 28 നേടിയ എബി ഡിവില്ലിയേഴ്‌സുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.