ഇങ്ങനെ ടീമുകൾ തമ്മിലുള്ള വാശി കൂടുമ്പോൾ ആരാധകരുടെ ആവേശത്തിനൊപ്പം അവരുടെ ടെൻഷൻ കൂടെയാണ് കൂടുന്നത്. ഈ ആഴ്ചയിലെ മത്സരങ്ങൾ മാത്രമെടുത്താൽ ശ്വാസമടക്കി പിടിക്കാതെ ഒരു മത്സരം പോലും അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല

ചെന്നൈ: ഐപിഎല്ലിൽ 17 മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു. നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി രാജസ്ഥാൻ റോയൽസ് ഒന്നാമതും റൺറേറ്റിന്റെ മാത്രം വ്യത്യാസത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് രണ്ടാമതുമാണ്. നാല് മത്സരങ്ങളിൽ നിന്ന് വിജയങ്ങൾ ഒന്നും നേടാൻ സാധിക്കാത്ത ഡൽഹി ക്യാപിറ്റൽസ് ആണ് പത്താം സ്ഥാനത്ത് നിൽക്കുന്നത്. തിരിച്ചടികൾ നേരിട്ടെങ്കിലും ഒരു വിജയവുമായി മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും വിട്ടുകൊടുക്കാൻ തയാറല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ഇങ്ങനെ ടീമുകൾ തമ്മിലുള്ള വാശി കൂടുമ്പോൾ ആരാധകരുടെ ആവേശത്തിനൊപ്പം അവരുടെ ടെൻഷൻ കൂടെയാണ് കൂടുന്നത്. ഈ ആഴ്ചയിലെ മത്സരങ്ങൾ മാത്രമെടുത്താൽ ശ്വാസമടക്കി പിടിക്കാതെ ഒരു മത്സരം പോലും അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കെകെആർ - ​ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ റിങ്കു സിം​ഗ് ഹീറോ ആയപ്പോൾ ‌ചരിത്രത്തിലെ ഏറ്റവും മികച്ച ട്വന്റി 20 മത്സരങ്ങളിലൊന്നായി അത് മാറി. അവസാന ഓവറിൽ 29 റൺസ് വേണ്ടിയിരുന്ന കെകെആറിനായി തുടർച്ചയായി അഞ്ച് സിക്സുകളാണ് റിങ്കു പായിച്ചത്.

റാഷിദ് ഖാന്റെ ഹാട്രിക്ക് പിറന്ന മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് റിങ്കു വിജയം കവർന്ന് എടുക്കുകയായിരുന്നു. അടുത്ത ദിവസം ആർസിബിയും ലഖ്നൗവും എതിരിട്ടപ്പോൾ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ അവസാന ഓവറിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് മാര്‍ക്ക് വുഡും ജയ്‌ദേവ് ഉനദ്‌കട്ടും.

ആദ്യ പന്തിലെ യോര്‍ക്കറില്‍ ഉനദ്‌കട്ട് സിംഗിള്‍ എടുത്തു. തൊട്ടടുത്ത ബോള്‍ സ്ലോ ലോ ഫുള്‍ട്ടോസായപ്പോള്‍ മാര്‍ക്ക് വുഡ് ബൗള്‍ഡായി. മൂന്നാം പന്തില്‍ രവി ബിഷ‌്‌ണോയി ഡബിള്‍ നേടിയതോടെ സമനിലയ്‌ക്കും ഒന്നും വിജയത്തിന് രണ്ടും റണ്‍സ് മതിയെന്നായി. നാലാം പന്തില്‍ ബിഷ്‌ണോയി സിംഗിള്‍ നേടിയതോടെ ഇരു ടീമുകളുടേയും സ്കോര്‍ തുല്യമായി. അഞ്ചാം പന്തില്‍ ലോംഗ് ഓണില്‍ ഡുപ്ലസിയുടെ പറക്കും ക്യാച്ചില്‍ ഉനദ്‌കട്ട് പുറത്തായതോടെ നാടകീയത അവസാന പന്തിലേക്ക് നീണ്ടു.

ഒരു പന്തില്‍ 1 വിക്കറ്റ് കയ്യിലിരിക്കേ ലഖ്‌നൗവിന് ജയിക്കാന്‍ ഒരു റണ്‍സ്. അവസാന പന്ത് എറിയാനെത്തുമ്പോള്‍ ക്രീസ് വിട്ടിറങ്ങിയ ബിഷ്‌ണോയിയെ ഹര്‍ഷല്‍ പട്ടേല്‍ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഇതോടെ അവസാന പന്ത് വീണ്ടും എറിയണമെന്നായി. ഈ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ ആവേശ് ഖാനായില്ല. എന്നാല്‍ വിജയിക്കാന്‍ ബൈ റണ്ണാനായി ആവേശും ബിഷ്‌ണോയിയും ഓടി. റണ്ണൗട്ടിനായുള്ള വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ ത്രോ സ്റ്റംപില്‍ കൊള്ളാതിരുന്നതോടെ ലഖ്‌നൗ ഒരു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.

അടുത്ത ദിനം മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൻസും ഏറ്റുമുട്ടിയപ്പോഴും കളി അവസാന ഓവറിലേക്കെത്തി. ആദ്യ വിജയത്തിനായി ഇരു ടീമുകളും എല്ലാം മറന്നുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. അഞ്ച് റൺസ് മാത്രം മതിയായിരുന്ന മുംബൈയെ ആൻ‍റിച്ച് നോർജ്യ ശരിക്കും വെള്ളം കുടിപ്പിച്ചു. അവസാന പന്തിൽ ടിം ഡേവിഡ് ഡൈവ് ചെയ്ത് കയറി രണ്ട് റൺസ് ഓടിയെടുത്ത് മുംബൈയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ചെന്നൈ - രാജസ്ഥാൻ പോരാട്ടത്തിലെ വിജയിയെ നിശ്ചയിച്ചതും അവസാന ഓവറിലെ അവസാന പന്താണ്.

സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ധോണി രണ്ട് സിക്‌സുകള്‍ നേടി ആവേശം കൂട്ടി. അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോൾ സന്ദീപ് ശർമയുടെ യോർക്കറിന് ചെന്നൈ നായകന് മറുപടി ഉണ്ടായിരുന്നില്ല. എന്തായാലും ആരാധകർ ആവേശത്തിലാണ്. ലോകത്തിലെ നമ്പർ വൺ ക്രിക്കറ്റ് ലീ​ഗ് ഐപിഎൽ ആണെന്ന് പറയാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നാണ് ആരാധകർ ചോദിക്കുന്നത്. 

'ജയിലിൽ കഴിയും പോലെ, ദൈവാനുഗ്രഹം കൊണ്ട് മാത്രം രക്ഷപ്പെട്ടു'; പാകിസ്ഥാനിലെ അനുഭവം തുറന്ന് പറഞ്ഞ് കമന്റേറ്റർ