Asianet News MalayalamAsianet News Malayalam

മോശം ഷോട്ട് കളിച്ച് പുറത്തായിട്ടും ചിരി നിര്‍ത്താതെ ലിവിംഗ്‌സ്റ്റണ്‍, അയാളെ ഇനി കളിപ്പിക്കരുതെന്ന് പത്താന്‍

ഔട്ടായശേഷം നിറഞ്ഞു ചിരിച്ചാണ് ലിവിംഗ്സ്റ്റണ്‍ ക്രീസ് വിട്ടത്. ഇതുകണ്ട യൂസഫ് പത്താന്‍ പറഞ്ഞത്, താന്‍ പഞ്ചാബിന്‍റെ കോച്ചോ, മെന്‍ററോ ആയിരുന്നെങ്കില്‍ പുറത്തായശേഷം ഇങ്ങനെ ചിരിക്കുന്ന ലിവിംഗ്‌സ്റ്റണെ പിന്നീട് ഒരിക്കലും കളിപ്പിക്കല്ലെന്നായിരുന്നു.

Livingstone laughs after bowled by saini vs RR, Irfan pathan lashes english star gkc
Author
First Published May 20, 2023, 10:20 AM IST

ധരംശാല: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സ് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായതോടെ പഞ്ചാബ് താരത്തിന്‍റെ ഗ്രൗണ്ടിലെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്‍. പഞ്ചാബിന്‍റെ ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്‌സ്റ്റണെതിരെയാണ് യൂസഫ് പത്താന്‍ ലൈവ് കമന്‍ററിക്കിടെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗിനെ ട്രെന്‍റ് ബോള്‍ട്ട് ആദ്യ ഓവറില്‍ തന്നെ മടക്കി. തകര്‍ത്തടിച്ച് തുടങ്ങിയ അഥര്‍വ ടൈഡെയെ നവദീപ് സെയ്നിയും വീഴ്ത്തി. പിന്നാലെയാണ് മിന്നും ഫോമിലുള്ള ലിവിംഗ്‌സ്റ്റണ്‍ ക്രീസിലെത്തിയത്. അതിന് പിന്നാലെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ ആദം സാംപ പുറത്താക്കി. പഞ്ചാബ് തകര്‍ച്ചയിലേക്ക് കുപ്പുകുത്തുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ലിവിംഗ്സ്റ്റണ് കഴിഞ്ഞില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും 13 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ലിവിംഗ്‌സ്റ്റണ്‍ സെയ്നിയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി.

ഔട്ടായശേഷം നിറഞ്ഞു ചിരിച്ചാണ് ലിവിംഗ്സ്റ്റണ്‍ ക്രീസ് വിട്ടത്. ഇതുകണ്ട യൂസഫ് പത്താന്‍ പറഞ്ഞത്, താന്‍ പഞ്ചാബിന്‍റെ കോച്ചോ, മെന്‍ററോ ആയിരുന്നെങ്കില്‍ പുറത്തായശേഷം ഇങ്ങനെ ചിരിക്കുന്ന ലിവിംഗ്‌സ്റ്റണെ പിന്നീട് ഒരിക്കലും കളിപ്പിക്കല്ലെന്നായിരുന്നു. അതും ഇതുപോലൊരു മോശം ഷോട്ട് കളിച്ച് പുറത്തായൊരാള്‍ ഇങ്ങനെ ചിരിച്ചാല്‍ അയാളെ ഒരിക്കലും ഞാന്‍ ടീമിലേക്ക് പരിഗണിക്കില്ല. കമന്‍ററി ബോക്സില്‍ പത്താനൊപ്പം ഉണ്ടായിരുന്ന ഹര്‍ഭജന്‍ സിംഗും ഇതിനോട് യോജിച്ചു. സാധാരണഗതിയില്‍ സ്വന്തം പുറത്താകലിലോ സഹതാരത്തിന്‍റെ പുറത്താകലിലോ ഒരു ബാറ്റര്‍ ഇങ്ങനെ ചിരിക്കാറില്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അയാള്‍ അത്രമാത്രം അസ്വസ്ഥനാണെന്നതിന്‍റെ തെളിവാണെന്നും പത്താന്‍ പറഞ്ഞു.

പഞ്ചാബിനെതിരെ 2 പന്ത് ബാക്കി നിര്‍ത്തി ജയം; ബാംഗ്ലൂരും മുംബൈയും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാനാകുമോ

ലിവിംഗ്സ്റ്റണ്‍ പുറത്തായതോടെ 50-4ലേക്ക് തകര്‍ന്ന പഞ്ചാബിനെ ജിതേഷ് ശര്‍മയും സാം കറനും ചേര്‍ന്നാണ് 10 കടത്തിയത്. ജിതേഷ് ശര്‍മ പുറത്തായശേഷം ഷാരൂഖ് ഖാനൊപ്പം ചേര്‍ന്ന് കറന്‍ പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 94 റണ്‍സടിച്ച് ലിവിംഗ്സ്റ്റണ്‍ പ‍ഞ്ചാബിന്‍റെ ടോപ് സ്കോററായിരുന്നു.

Follow Us:
Download App:
  • android
  • ios