മത്സരത്തിലെ ഏറ്റവും സുപ്രധാന നിമിഷത്തിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലസിസിന്റെ ക്യാച്ചാണ് വിഷ്ണു കൈപ്പിടിയിൽ ഒതുക്കിയത്

മുംബൈ: ആർസിബിക്കെതിരെയുള്ള മത്സരത്തിൽ മിന്നുന്ന ക്യാച്ചുമായി തിളങ്ങി മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിലെ ഏറ്റവും സുപ്രധാന നിമിഷത്തിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലസിസിന്റെ ക്യാച്ചാണ് വിഷ്ണു കൈപ്പിടിയിൽ ഒതുക്കിയത്. ആദ്യത്തെയും രണ്ടാമത്തെയും ശ്രമത്തിൽ ഒന്ന് പതറിയെങ്കിലും മനസാന്നിധ്യം വിടാതെ വിഷ്ണു ഡുപ്ലസിസിന്റെ വിക്കറ്റ് ഉറപ്പാക്കുകയായിരുന്നു.

വീഡിയോ കാണാം

കാമറൂൺ ​ഗ്രീൻ എറിഞ്ഞ ഓവറിലായിരുന്നു സംഭവം. അതേസമയം, പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ നിർണയിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് മുന്നിൽ 200 റൺസ് വിജയലക്ഷ്യമാണ് ആർസിബി വച്ചിരിക്കുന്നത്. തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) എന്നിവരുടെ ഇന്നിംഗ്‌സ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

വാലറ്റത്ത് ദിനേശ് കാര്‍ത്തികിന്റെ (18 പന്തില്‍ 30) ഇന്നിംഗ്‌സും ആര്‍സിബിക്ക് തുണയായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരെ പവര്‍പ്ലേയില്‍ തന്നെ നഷ്ടമായിരുന്നു. കോലിയെ ബെഹ്രന്‍ഡോര്‍ഫ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ അനുജും പുറത്തായി.

ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ആര്‍സിബി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അത്യാവശ്യം ഉയർന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിം​ഗിന് ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പക്ഷേ വാനിഡു ഹസരങ്ക എത്തിയതോടെ രോഹിത്തിനെയും ഇഷാനെയും മുംബൈക്ക് നഷ്ടമായി. ഇഷാൻ 42 റൺസും രോഹിത് ഏഴ് റൺസുമെടുത്താണ് പുറത്തായത്. 

കലിപ്പ് തന്നെ! കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവീൻ ഉള്‍ ഹഖ്; പ്രതികരണവുമായി ആരാധകരും