മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് മുന്നോട്ടുവെച്ച 154 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഗില്‍ പുറത്തായിരുന്നു. ഈ സമയം 148 ആയിരുന്നു ഗുജറാത്തിന്റെ ടീം സ്‌കോര്‍. 49 പന്തില്‍ 67 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതരായ മത്സരത്തില്‍ ജയിച്ചെങ്കിലും ടീമിന്റെ പ്രകടനത്തില്‍ തൃപ്‌നല്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം. മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയതില്‍ ബാറ്റര്‍മാരെ ഹാര്‍ദിക് പഴിച്ചു.

മത്സരത്തിന് ശേഷം ഹാര്‍ദിക് പറഞ്ഞതിങ്ങനെ... ''സത്യസന്ധമായി പറയാം, മത്സരം അവസാന ഓവറിലേക്ക് നീട്ടിയതിനെ ഞാന്‍ അഭിനന്ദിക്കില്ല. ഈ മത്സരത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. മത്സരം കഴിഞ്ഞ് തിരിച്ചെത്തി കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. പഞ്ചാബ് കിംഗ്സ് നന്നായി പന്തെറിഞ്ഞു. എന്നാല്‍ ഇന്നിംഗ്സിന് മധ്യേ ബാറ്റര്‍മാര്‍ റിസ്‌ക് എടുത്ത് ഷോട്ടുകള്‍ കളിക്കണമായിരുന്നു. മത്സരം ഇത്രത്തോളം അവസാന ഓവറിലേക്ക് നീട്ടരുത് എന്ന് ഉറപ്പിക്കണമായിരുന്നു. മത്സരം ഏറെ മുമ്പേ ഫിനിഷ് ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നു. അവസാന ഓവറിലേക്ക് മത്സരം കൊണ്ടുപോകുന്നതിന്റെ ആരാധകനല്ല ഞാന്‍.'' ഹാര്‍ദിക് വ്യക്തമാക്കി.

മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് മുന്നോട്ടുവെച്ച 154 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഗില്‍ പുറത്തായിരുന്നു. ഈ സമയം 148 ആയിരുന്നു ഗുജറാത്തിന്റെ ടീം സ്‌കോര്‍. 49 പന്തില്‍ 67 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ രാഹുല്‍ തെവാട്ടിയ എത്തിയാണ് ഒരു പന്ത് ബാക്കിനില്‍ക്കേ മത്സരം ഫിനിഷ് ചെയ്തത്. ഹാര്‍ദിക് പറഞ്ഞതിന്റെ അര്‍ത്ഥം ഗില്‍ മത്സരം പൂര്‍ത്തിയാക്കണമെന്നായിരുന്നു.

ഇപ്പോള്‍ ഗില്ലിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഗില്‍, ധോണിയെ കണ്ട് പഠിക്കണമെന്നായിരുന്നു മഞ്ജരേക്കറുടെ ഉപദേശം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തങ്ങളുടെ ദുര്‍ബലമായ ഏരിയയെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ് ചാംപ്യന്‍ ടീമുകള്‍. ഒരു ബാറ്റ്‌സ്മാന്‍ സെറ്റായിട്ടിട്ടുണ്ടെങ്കില്‍, അദ്ദേഹം തന്നെ 18 അല്ലെങ്കില്‍ 19-ാ ഓവറില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കണം. ഇനി അവസാനത്തേക്ക് നീങ്ങുകയാണെങ്കില്‍, ധോണിയെ പോലെ ആത്മവിശ്വാസം താരങ്ങള്‍ക്കുണ്ടായിരിക്കണം.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

ധോണിയേക്കാൾ കേമൻ? ബൗളർക്ക് പോലും ഒരു ചുക്കും തോന്നിയില്ല, റിവ്യൂ ചെയ്ത് കീപ്പർ, ഒടുവിൽ തീരുമാനം വന്നപ്പോൾ..!