7.30ന് തുടങ്ങേണ്ട മത്സരത്തില്‍ ഇപ്പോഴും ടോസിടാനായിട്ടില്ല. എന്നാല്‍ ടോസ് സമയം പുറത്തുവിട്ടിരിക്കുകയാണ് അംപയര്‍മാര്‍. താരങ്ങള്‍ ഗ്രൗണ്ടിലെത്തി പരിശീലനവും ആരംഭിച്ചിട്ടുണ്ട്. 

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരാനിരിക്കെ ആരാധകരെ നിരാശരാക്കി മഴയുടെ കളി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസിടുന്നതിന് മുമ്പ് പെയ്ത മഴയാണ് മത്സരം ഭീഷണിയിലാക്കിയത്. 7.30ന് തുടങ്ങേണ്ട മത്സരത്തില്‍ ഇപ്പോഴും ടോസിടാനായിട്ടില്ല. എന്നാല്‍ ടോസ് സമയം പുറത്തുവിട്ടിരിക്കുകയാണ് അംപയര്‍മാര്‍. 7.45ന് മത്സരത്തിന് ടോസ് വീഴും. താരങ്ങള്‍ ഗ്രൗണ്ടിലെത്തി പരിശീലനവും ആരംഭിച്ചിട്ടുണ്ട്. 

ഗുജറാത്ത് ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതോടെയാണ് രണ്ടാം ഊഴത്തിന് ഇറങ്ങേണ്ടിവരുന്നത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സായിരിക്കും എതിരാളികള്‍. അഹമ്മദാബാദില്‍ തന്നെ 28-ാം തിയതിയാണ് ഐപിഎല്‍ 2023ന്റെ കലാശപ്പോര്.

മഴ കളി കൊണ്ടുപോയാല്‍?

ഐപിഎല്‍ ഫൈനല്‍, ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ബിസിസിഐ ഔദ്യോഗികമായി റിവസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മത്സരദിവസം തന്നെ കളി പൂര്‍ത്തികരിക്കേണ്ടിവരും. മഴമൂലം കളി തടസപ്പെട്ടാല്‍ കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്നായിരിക്കും അംപയര്‍മാര്‍ ആദ്യം നോക്കുക. ഐപിഎല്‍ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് 7.30ന് തുടങ്ങേണ്ട ക്വാളിഫയര്‍ മത്സരം 9.40നെങ്കിലും തുടങ്ങാനാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. എന്നിട്ടും അഞ്ചോവര്‍ മത്സരം പോലും തുടങ്ങാനുള്ള സാധ്യത ഇല്ലെങ്കില്‍ പിന്നീട് സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് അംപയര്‍മാര്‍ പരിശോധിക്കും. ഇതിനുശേഷം മാത്രമെ നോക്കൗട്ടില്‍ ഫലം പ്രഖ്യാപിക്കൂ. ഫൈനല്‍ 8 മണിക്ക് തുടങ്ങുന്നതിനാല്‍ 10.10 വരെ മത്സരം തുടങ്ങാന്‍ കഴിയുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും.

റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ രണ്ടാം സ്ഥാനത്തെത്തിയ ടീം(ആദ്യ ക്വാളിഫയറില്‍ തോറ്റ ടീം) ഫൈനലിലേക്ക് മുന്നേറും. ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു.