റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിട്ടും സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ട് മാസങ്ങളായി

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ പകരക്കാന്‍ ആരായിരിക്കും എന്ന ചര്‍ച്ച സജീവമാണ്. കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ റിഷഭിന് എപ്പോഴാവും സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഈ സാഹചര്യത്തില്‍ റിഷഭിന്‍റെ പകരക്കാരന്‍ ആരാവണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. എന്നാല്‍ സഞ്ജു സാംസണിന്‍റെ പേരല്ല കെപി പറയുന്നത്. 

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി തിളങ്ങുന്ന ജിതേഷ് ശര്‍മ്മയുടെ പേരാണ് കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ ജിതേഷ് പുറത്തെടുത്ത ബാറ്റിംഗ് മികവാണ് പീറ്റേഴ്‌സണെ ആകര്‍ഷിച്ചത്. മുംബൈക്കെതിരായ മത്സരത്തില്‍ ജിതേഷ് ഏഴാമനായി ക്രീസിലിറങ്ങി വെറും ഏഴ് പന്തില്‍ 25 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 'റിഷഭ് പന്തിന്‍റെ പകരക്കാരന്‍ പഞ്ചാബ് കിംഗ്‌സിലുണ്ട്. സ്‌പെഷ്യല്‍ ടാലന്‍ഡാണ്. റിഷഭ് കളിക്കാത്ത സാഹചര്യത്തില്‍ ആ റോളില്‍ കളിക്കാന്‍ ഉചിതനായ താരമാണ്. ഏഴ് പന്തില്‍ നാല് സിക്‌സുകളോടെ 25 റണ്‍സടിക്കുന്നത് കണ്ടു. അതൊരു മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സായിരുന്നു' എന്നും കെപി ഒരു കോളത്തില്‍ എഴുതി. 

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി ഫിനിഷറുടെ റോളില്‍ കളിച്ച താരം 12 മത്സരങ്ങളില്‍ 163.64 പ്രഹരശേഷിയില്‍ 234 റണ്‍സ് നേടിയിരുന്നു. ഇതിന് ശേഷം ശ്രീലങ്കയ്‌ക്ക് എതിരായ പരമ്പരയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ട്വന്‍റി 20 അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിച്ചില്ല. നിലവില്‍ ടെസ്റ്റില്‍ കെ എസ് ഭരതും പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കാക്കുന്നത്. സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ട് മാസങ്ങളായി.

Read more: ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ്; വൈകാരിക കുറിപ്പുമായി അജിങ്ക്യ രഹാനെ