Asianet News MalayalamAsianet News Malayalam

താങ്ങാനാവാതെ ബയോ-ബബിള്‍ സമ്മര്‍ദം; ക്രിസ് ഗെയ്‌ല്‍ ഐപിഎല്‍ വിട്ടു

ബയോ-ബബിളിലെ നിയന്ത്രണങ്ങൾ സമ്മർദം ഉണ്ടാക്കുന്നുവെന്നും മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുകയാണെന്നും ഗെയ്ൽ

Punjab Kings Star Chris Gayle leaves IPL 2021 Due to Bubble Fatigue
Author
Dubai - United Arab Emirates, First Published Oct 1, 2021, 7:50 AM IST

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ശേഷിച്ച മത്സരങ്ങളിൽ പഞ്ചാബ് കിംഗ്സ്(Punjab Kings) സൂപ്പര്‍താരം ക്രിസ് ഗെയ്ൽ(Chris Gayle) കളിക്കില്ല. ഗെയ്ൽ ഐപിഎല്ലിലെ ബയോ-ബബിളിൽ(Bio-secure bubble) നിന്ന് പുറത്തുകടന്നു. ബയോ-ബബിളിലെ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍(T20 World Cup 2021) വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കും എന്ന് ഗെയ്‌ല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

ബയോ-ബബിളിലെ നിയന്ത്രണങ്ങൾ സമ്മർദം ഉണ്ടാക്കുന്നുവെന്നും മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുകയാണെന്നും ഗെയ്ൽ പറഞ്ഞു. ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഗെയ്‍ലിന് അവസരം കിട്ടിയത്. ടീം വിട്ടെങ്കിലും ട്വന്റി 20 ലോകകപ്പിനായി ഗെയ്ൽ ദുബായിൽ തുടരും. ദുബായില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം ഗെയ്‌ല്‍ ചേരും. 

'അന്ന് ലോകകപ്പ് വേണ്ടെന്ന് പറഞ്ഞ് ലോര്‍ഡ്സിന് പുറത്ത് ധര്‍ണയിരുന്നയാളാണ്', മോര്‍ഗനെ പരിഹസിച്ച് സെവാഗ്

ഈ സീസണില്‍ മികച്ച ഫോമിലായിരുന്നില്ല പഞ്ചാബ് കിംഗ്‌സ് ബാറ്റ്സ്‌മാന്‍ ക്രിസ് ഗെയ്‌ല്‍. 10 മത്സരങ്ങള്‍ കളിച്ച താരം 21.44 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 46 ആണ് ഉയര്‍ന്ന സ്‌കോര്‍. വെടിക്കെട്ട് ബാറ്റിംഗ് പേരുകേട്ട താരത്തിന് ഇക്കുറി 125.32 സ്‌ട്രൈക്ക് റേറ്റ് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയം. ഗെയ്‌ല്‍ മോശം ഫോമിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. 

എന്നാല്‍ ഐപിഎല്‍ കരിയറില്‍ മികച്ച റെക്കോര്‍ഡാണ് ഗെയ്‌ലിനുള്ളത്. വിവിധ ടീമുകള്‍ക്കായി 142 മത്സരങ്ങള്‍ കളിച്ച താരം 39.72 ശരാശരിയിലും 148.96 സ്‌ട്രൈക്ക് റേറ്റിലും 4965 റണ്‍സ് നേടി. ആറ് സെഞ്ചുറികള്‍ നേടിയപ്പോള്‍ പുറത്താകാതെ 175 റണ്‍സടിച്ചതാണ് ഉയര്‍ന്ന സ്‌കോര്‍. 31 അര്‍ധ സെഞ്ചുറികളും ഗെയ്‌ലിനുണ്ട്. 

കാണുമോ ടി20 ലോകകപ്പില്‍ ഗെയ്‌ലാട്ടം?

യുഎഇ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ വെസ്റ്റ് ഇന്‍ഡീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് നായകന്‍. ടി20 ഫോര്‍മാറ്റിലെ തീപ്പൊരി താരങ്ങളടങ്ങിയ ടീമിന് നിക്കോളാസ് പുരാനാണ് ഉപനായകന്‍. ടീമിലെ ഏറ്റവും സീനിയര്‍ താരം നാല്‍പ്പത്തിരണ്ടുകാരനായ ക്രിസ് ഗെയ്‌ലാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രവി രാംപോള്‍ ആറ് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്.

ഇരട്ടത്താപ്പിന്‍റെ ആശാന്‍മാര്‍; അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ടീം ഉടമ

റോസ്‌ടണ്‍ ചേസിന് ആദ്യമായി ടി20 ടീമിലേക്ക് ക്ഷണം കിട്ടിയതാണ് മറ്റൊരു സവിശേഷത. എന്നാല്‍ 2016 ലോകകപ്പ് ഫൈനലില്‍ ബെന്‍ സ്റ്റോക്‌സിനെ തുടര്‍ച്ചയായി നാല് സിക്‌സറിന് പറത്തി വിന്‍ഡീസിന് രണ്ടാം കിരീടം സമ്മാനിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് ടീമിന് പുറത്തായി. ബ്രാത്ത്‌വെയ്‌റ്റിനൊപ്പം സുനില്‍ നരെയ്‌നും ഇടമില്ല. ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ്. 

വെസ്റ്റ് ഇന്‍ഡീസ് ടീം

കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍(വൈസ് ക്യാപ്റ്റന്‍), ക്രിസ് ഗെയ്‌ല്‍, ഫാബിയന്‍ അലന്‍, ഡ്വൊയ്‌ന്‍ ബ്രാവോ, റോസ്‌ടണ്‍ ചേസ്, ആന്ദ്രേ ഫ്ലെച്ചര്‍, ഷിമ്രോന്‍ ഹെറ്റ്‌മേയര്‍, എവിന്‍ ലൂയിസ്, ഒബെഡ് മക്കോയ്, രവി രാംപോള്‍, ആന്ദ്രേ റസല്‍, ലെന്‍ഡി സിമ്മന്‍സ്, ഒഷേന്‍ തോമസ്, ഹെയ്‌ഡന്‍ വാല്‍ഷ്. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

ഡാരന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്രല്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍. 

ഐപിഎല്‍: ധോണി ഫിനിഷില്‍ സണ്‍റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫില്‍

Follow Us:
Download App:
  • android
  • ios