ദ്രാവിഡിന്‍റെ വിശ്വസ്തനായ പാരസ് മാബ്രേ ബൗളിംഗ് പരിശീലകനാകും എന്നും റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ(Team India) മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിഖ്യാത താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid) സമ്മതം മൂളിയതായി സൂചന. ദുബായില്‍ ഇന്നലെ രാത്രി ഐപിഎല്‍ ഫൈനലിനിടെ ദ്രാവിഡിനെ കണ്ട ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Sourav Ganguly) സെക്രട്ടറി ജയ് ഷായും(Jay Shah) ഇക്കാര്യം ഉറപ്പാക്കിയതായാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ദ്രാവിഡിന്‍റെ വിശ്വസ്തനായ പാരസ് മാബ്രേ(Paras Mhambrey) ബൗളിംഗ് പരിശീലകനാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ടീം ഇന്ത്യയുടെ അടുത്ത കോച്ചാവാമെന്ന് രാഹുല്‍ ദ്രാവിഡ് സമ്മതിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവന്‍ സ്ഥാനത്തുനിന്ന് അദേഹം ഉടന്‍ പടിയിറങ്ങും' എന്നും ബിസിസിഐ ഉന്നതന്‍ ഐപിഎല്‍ ഫൈനലിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ട് വര്‍ഷത്തേക്കായിരിക്കും ദ്രാവിഡിന്‍റെ ചുമതല. രവി ശാസ്‌ത്രി നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും. 

ഐപിഎല്‍ കലാശപ്പോരില്‍ ഫാബുലസ് ഫാഫ്! മാൻ ഓഫ് ദ മാച്ച്; എലൈറ്റ് പട്ടികയില്‍ ഇടം

'എന്‍സിഎ തലവനായി ദ്രാവിഡിനെ കഴിഞ്ഞ മാസം വീണ്ടും നിയമിച്ചിരുന്നു. എന്നാല്‍ കരുത്തനായ പരിശീലകന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോകണം എന്നാണ് ബിസിസിഐയുടെ ആഗ്രഹം. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനം ചെയ്തയാളാണ് ദ്രാവിഡ്. ഈ താരങ്ങളെ മാബ്രേക്കും അറിയാം. അതിനാല്‍ ഇരുവരേയും ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് ഗാംഗുലിയുടെയും ഷായുടേയും പ്രതീക്ഷ. ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇരുവരും ചുമതലയേല്‍ക്കും' എന്നും ബിസിസിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക.

നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു. ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറിന് പകരമാര് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി തുടരാനിടയുണ്ട്.

'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം