Asianet News MalayalamAsianet News Malayalam

അശ്വിന്‍ ചെന്നൈക്കെതിരെ കളിക്കുമോ..? പരിക്കിനെ കുറിച്ച് റിക്കി പോണ്ടിംഗും ശ്രേയസും

 തോളിന് പരിക്കേറ്റ അശ്വിന്‍ ഒരു ഓവറിന് ശേഷം കളം വിട്ടിരുന്നു. എറിഞ്ഞ ഒരോവറില്‍ രണ്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയിരുന്നത്. അതും രണ്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയിരുന്നത്.

ricky ponting and shreyas iyer on ashwin injury
Author
Dubai - United Arab Emirates, First Published Sep 21, 2020, 5:18 PM IST

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യ ഐപിഎല്‍ മത്സരം ജയിച്ചെങ്കിലും ഡല്‍ഹി കാപിറ്റല്‍സിന് തിരിച്ചടിയായിരുന്നു പ്രധാന സ്പിന്നറായ ആര്‍ അശ്വിന്റെ പരിക്ക്. തോളിന് പരിക്കേറ്റ അശ്വിന്‍ ഒരു ഓവറിന് ശേഷം കളം വിട്ടിരുന്നു. എറിഞ്ഞ ഒരോവറില്‍ രണ്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയിരുന്നത്. അതും രണ്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയിരുന്നത്. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ ഗ്രൗണ്ട് വിടേണ്ടിവന്നത് വരും മത്സരങ്ങളില്‍ ടീമിന് തിരിച്ചടിയായേക്കുമോ എന്നുള്ള ഭീതി ഡല്‍ഹി ആരാധകര്‍ക്കുണ്ടായിരുന്നു. 

എന്നാല്‍ ഇതാദ്യമായി അശ്വിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. താന്‍ പൂര്‍ണായും ഫിറ്റാണെന്നാണ് അശ്വിന്‍ വെളിപ്പെടുത്തിയതായി അയ്യര്‍ വ്യക്തമാക്കി. ''ഞാന്‍ അശ്വിനോട് സംസാരിച്ചിരുന്നു. അടുത്ത മത്സരത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാന്‍ എനിക്ക് കഴിയില്ല. തീരുമാനമെടുക്കേണ്ടത് ഫിസിയോയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇനി കളിക്കുന്ന കാര്യം തീരുമാനിക്കുക.'' അയ്യര്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള അടുത്ത മത്സരത്തില്‍ അശ്വിന്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗും വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യത്തില്‍ പോണ്ടിംഗ് അഭിപ്രായം പറഞ്ഞത്. മത്സരത്തിന്റെ ആറാം ഓവറിലാണ് അശ്വിന് പരിക്കേറ്റത്. അവസാന പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഷോട്ട് തടുക്കാന്‍ ഡൈവ് ചെയ്തപ്പോഴാണ് അശ്വിന് തിരിച്ചടിയായത്. 

തെന്നി വീണ അശ്വിന്‍ വേദനയെത്തുടര്‍ന്ന് മൈതാനത്ത് ഇരുന്നു. പിന്നീട് ഫിസിയോ എത്തി അശ്വിനെ മൈതാനത്തിനേക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ ഈ സീസണിലാണ് ഡല്‍ഹിയിലെത്തിയത്. ആദ്യ ഓവറില്‍ തന്നെ കരുണ്‍ നായര്‍, നിക്കോളാസ് പൂരന്‍ എന്നിവരെ അശ്വിന് പുറത്താക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios