റുതുരാജിന്റെ വളർച്ച നമ്മൾ അടുത്തുനിന്ന് കാണുന്നുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട താരമാവാൻ ആഗ്രഹിക്കുന്ന താരമാണ് റുതുരാജ്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന റുതുരാജ് ഗെയ്ക്‍വാദ് പ്രശംസിച്ച് ടീമിന്‍റെ ബാറ്റിംഗ് കോച്ച് മൈക് ഹസി. സമീപ ഭാവിയിൽ റുതുരാജ് ഇന്ത്യൻ ടീമിലെ പ്രധാന താരമായി മാറുമെന്ന് ഹസി പറഞ്ഞു. ഈ സീസണില്‍ തകർപ്പൻ ഫോമിലാണ് റുതുരാജ് ഗെയ്ക്‍വാദ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യ മത്സരത്തില്‍ 92 റൺസ്, ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരെ 57 റൺസ്. ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് നിരയുടെ നെടുന്തൂണായി റുതുരാജ് ഗെയ്ക്‍വാദ് മാറിക്കഴിഞ്ഞു.

ഈ മികവ് ഇന്ത്യൻ ടീമിലും റുതുരാജ് ആവർത്തിക്കുമെന്ന് സി എസ് കെ ബാറ്റിംഗ് കോച്ച് മൈക് ഹസി ഉറപ്പ് നൽകുകയാണ്. റുതുരാജിന്റെ വളർച്ച നമ്മൾ അടുത്തുനിന്ന് കാണുന്നുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട താരമാവാൻ ആഗ്രഹിക്കുന്ന താരമാണ് റുതുരാജ്. കരുത്തും സാങ്കേതികത്തികവും ഒത്തുചേർന്ന താരമാണ് അദ്ദേഹം. അപകടമുണ്ടാക്കാവുന്ന പന്ത് പോലും മനോഹരമായി അതിർത്തി കടത്തുന്നു എന്നതാണ് റുതുരാജിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും മൈക് ഹസി പറഞ്ഞു.

2020ൽ സിഎസ്കെ നിരയിലെത്തിയ റുതുരാജ് 38 കളിയിൽ ഒരു സെഞ്ചുറിയും 12 അർധസെഞ്ച്വറിയും ഉൾപ്പെടെ 1356 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഒമ്പത് ട്വന്റി 20യിലും ഒരു ഏകദിനത്തിലും റുതുരാജ് ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുമുണ്ട്. ഐപിഎല്ലില്‍ നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ചെന്നൈയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ലഖ്നൗവിനെതിരെ മികച്ച വിജയമാണ് സ്വന്തമാക്കിയത്.

ബാറ്റുകൊണ്ട് റുതുരാജ് ഗെയ്ക്‌വാദും പന്തുകൊണ്ട് മൊയീന്‍ അലിയുമെല്ലാം തിളങ്ങി മത്സരത്തില്‍ ക്രീസില്‍ മൂന്ന് പന്ത് മാത്രം നേരിട്ട ധോണിയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ തീയുണ്ടകള്‍ കൊണ്ട് വിറപ്പിച്ച മാര്‍ക്ക് വുഡിനെതിരെ നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയാണ് ധോണി ചെപ്പോക്കിനെ മഞ്ഞക്കടലാക്കിയത്. 

ഒന്ന് ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ കോടീശ്വരനായി ഹോം ഗാര്‍ഡ്! കൂടെ ഒരു ലക്ഷ്വറി കാറും, തുണച്ചത് ചെന്നൈ-ലഖ്നൗ മത്സരം