ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയോടെ തുടങ്ങിയ സഞ്ജുവിന്‍റെ ക്ലാസ് ബാറ്റിംഗ് ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്നുണ്ട്

ഗുവാഹത്തി: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും ഏറ്റുമുട്ടലിന് ഒരുങ്ങുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. സീസണില്‍ ജയിച്ച് തുടങ്ങിയ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സും നേർക്കുനേർ വരുമ്പോള്‍ കടുത്ത പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സന്തുലിതമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും സഞ്ജു സാംസണും അർധസെഞ്ചുറിയോടെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ട്രെന്‍റ് ബോൾട്ടിന്‍റെ വേഗവും യുസ്‍വേന്ദ്ര ചഹലിന്‍റെ സ്‌പിൻ മികവും രാജസ്ഥാനെ അപകടകാരികളാക്കും. ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവർ കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാന് ആശങ്കയൊന്നുമില്ല. കൊൽക്കത്തയെ മഴനിയമത്തിന്‍റെ ആനുകൂല്യത്തിൽ മറികടന്നാണ് ശിഖർ ധവാന്‍റെ പഞ്ചാബ് കിംഗ്‌സ് എത്തുന്നത്. ലിയം ലിവിംഗ്സ്റ്റൺ ഇന്നുമിറങ്ങില്ലെങ്കിലും കാഗിസോ റബാഡയുടെ സാന്നിധ്യം പഞ്ചാബിന് കരുത്താവും.

പ്രഭ്സിമ്രാൻ സിംഗ്, ശിഖര്‍ ധവാൻ, ഭാനുക രജുപക്സെ, ജിതേഷ് ശർമ്മ എന്നിവരുടെ ബാറ്റുകളിലേക്കാണ് പഞ്ചാബ് റൺസിനായി ഉറ്റുനോക്കുന്നത്. സാം കറൺ, ഷാറൂഖ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകമാവും. മത്സരത്തില്‍ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്‍റെ പ്രകടനമാണ് വളരെ നിര്‍ണായകമാവുക.

ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയോടെ തുടങ്ങിയ സഞ്ജുവിന്‍റെ ക്ലാസ് ബാറ്റിംഗ് ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്നുണ്ട്. ആവേശം കൊണ്ട് വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവില്‍ നിന്ന് ഏറെ മാറി, ഒരു നായകന്‍റെ ഉത്തരവാദിത്വങ്ങള്‍ ഇപ്പോള്‍ താരത്തിന് ആവോളമുണ്ട്. സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് നന്നായി അറിഞ്ഞിട്ടുള്ള ടീമാണ് പഞ്ചാബ്. 19 ഇന്നിംഗ്സുകളില്‍ നിന്ന് 41.13 ശരാശരിയില്‍ സഞ്ജു 658 റണ്‍സാണ് പഞ്ചാബിനെതിരെ നേടിയിട്ടുള്ളത്. ഉയര്‍ന്ന സ്കോര്‍ 119 റണ്‍സാണ്. പ്രഹരശേഷി 143.04 ആണ്. 

ടാറ്റ പോലും വിറച്ചുപോയി! റുതുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ