ഏകദിന ബാറ്റിംഗിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 55 പന്തില്‍ 65 റണ്‍സെടുത്ത വാര്‍ണറുടെ മെല്ലപ്പോക്കും രാജസ്ഥാനെതിരായ ഡല്‍ഹിയുടെ കനത്ത തോല്‍വിക്ക് കാരണമായിരുന്നു.

ദില്ലി: തുടര്‍ തോല്‍വികളുമായി ഐപിഎല്‍ 2023 സീസണില്‍ കിതയ്ക്കുകയാണ് ഡ‍ല്‍ഹി ക്യാപിറ്റല്‍സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ബൗളിംഗിലും ബാറ്റിംഗിലുമെല്ലാം ടീം സമ്പൂര്‍ണ പരാജയമായി മാറുകയാണ്. ഇപ്പോള്‍ ക്യാപ്റ്റൻ ഡേവിഡ് വാര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ് ഉന്നയിച്ചിരിക്കുന്നത്.

വാര്‍ണറുടെ മെല്ലെപ്പോക്കാണ് സെവാഗിനെ ചൊടിപ്പിച്ചത്. ഇങ്ങനെ കളിക്കാനാണെങ്കിൽ ഐപിഎല്ലിലേക്ക് വരേണ്ടെന്നാണ് വാര്‍ണറോട് സെവാഗ് പറഞ്ഞത്. 'ഡേവിഡ്... നിങ്ങള്‍ ദയവായി നന്നായി കളിക്കുക. 25 പന്തിൽ 50 സ്കോർ ചെയ്യുക. ജയ്‌സ്വാളിൽ നിന്ന് പഠിക്കുക. അവൻ 25 പന്തിൽ അത് ചെയ്തു. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാൻ വരരുത്' - സെവാഗ് പറഞ്ഞു. 55-60 എന്നിങ്ങനെ സ്കോര്‍ ചെയ്യുന്നതിനേക്കാള്‍ വാർണർ 30 റൺസിന് പുറത്തായാൽ ടീമിന് നല്ലതാണ്.

റോവ്മാൻ പവൽ, അഭിഷേക് പോറൽ എന്നിവരെപ്പോലുള്ള കളിക്കാർക്ക് കൂടുതല്‍ പന്തുകള്‍ ലഭിക്കാൻ അവസരം ലഭിക്കും. ടീമിലെ ഹിറ്റര്‍മാര്‍ അവരാണെന്നും സെവാഗ് പറഞ്ഞു. അതേസമയം, ഇന്നലെ ഏകദിന ബാറ്റിംഗിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 55 പന്തില്‍ 65 റണ്‍സെടുത്ത വാര്‍ണറുടെ മെല്ലപ്പോക്കും രാജസ്ഥാനെതിരായ ഡല്‍ഹിയുടെ കനത്ത തോല്‍വിക്ക് കാരണമായിരുന്നു.

തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ നങ്കൂരമിട്ട് കളിച്ച വാര്‍ണര്‍ക്ക് പിന്തുണ നല്‍കാനും ആരുമുണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ ആയുള്ളു.

ഭീഷണിയായി മാറിയ കൂട്ടുക്കെട്ട് പൊളിച്ച സഞ്ജുവിന്‍റെ കിടിലൻ തന്ത്രം; ക്യാപ്റ്റൻസിയെ പാടി പുകഴ്ത്തി ആരാധകർ