ദുബായ്: ഇത്തവണ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി കാപിറ്റല്‍സ്. സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്തും യുവതാരങ്ങളുമാണ് ഡല്‍ഹിയുടെ കരുത്ത്. ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ അയ്യര്‍ക്ക് കീഴില്‍ ആദ്യ നാലിലെത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞിരുന്നു. 

ഡല്‍ഹിയുടെ ക്യാപ്റ്റനാവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം അയ്യര്‍ വ്യക്തമാക്കിയത്. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രണ്ട് പേരാണ് എനിക്ക് കരുത്തായതെന്നും അയ്യര്‍ വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍. ''കഴിഞ്ഞ റിക്കി പോണ്ടിംഗിനൊപ്പം സൗരവ് ഗാംഗുലിയും ഡല്‍ഹിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവരാണെന്റെ ജോലി എളുപ്പമാക്കിയത്. ഇത്തവണ താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വളരെ അഭിമാനവും ഉത്തരവാദിത്തവും ഉണ്ട്. ഇത്തരമൊരു ടീമിന്റെ ഭാഗമാകുന്നത് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.'' അയ്യര്‍ പറഞ്ഞു.

സീനിയര്‍ താരങ്ങളുടെ സാന്നിധ്യവും കരുത്താണെന്ന് അയ്യര്‍ വ്യക്തമാക്കി. ''ഞാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ചെറുപ്പമാണെന്ന് സീനിയര്‍ താരങ്ങള്‍ക്കറിയാം. അവരുടെ പിന്തുണ നിര്‍ണായകമാണ്. അവരോട് ചോദിച്ച ശേഷമാണ് തീരുമാനങ്ങളെടുക്കുക. സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയും.'' അയ്യര്‍  പറഞ്ഞുനിര്‍ത്തി.

ശിഖര്‍ ധവാന്‍, മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെ, കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ടീമിലെ സീനിയര്‍ താരങ്ങള്‍.