ഇന്ന് സ്വന്തം തട്ടകത്തില്‍ ആര്‍സിബിയെ നേരിടുമ്പോള്‍ വിജയം മാത്രമാണ് ഡല്‍ഹിയുടെ മനസിലുള്ളത്. ലോക ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ഡഗ് ഔട്ടിലുള്ള ടീമാണ് ഡല്‍ഹി.

ദില്ലി: ഐഎപിഎല്ലിന്‍റെ പതിനാറാം സീസണില്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോവുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം അതില്‍ ആറിലും തോറ്റു. മൂന്ന് വിജയങ്ങള്‍ മാത്രമാണ് ടീമിന്‍റെ പേരിലുള്ളത്. റിഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കറ്റതോടെ ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിച്ചത്. ഐപിഎല്‍ ഇതിഹാസം തന്നെ മുന്നിൽ നിന്ന് നയിച്ചിട്ടും ക്യാപിറ്റല്‍സ് കിതച്ചത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

ഇന്ന് സ്വന്തം തട്ടകത്തില്‍ ആര്‍സിബിയെ നേരിടുമ്പോള്‍ വിജയം മാത്രമാണ് ഡല്‍ഹിയുടെ മനസിലുള്ളത്. ലോക ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ഡഗ് ഔട്ടിലുള്ള ടീമാണ് ഡല്‍ഹി. ടീം പരിശീലകനായി റിക്കി പോണ്ടിംഗും ടീം ഡയറക്ടറായി സൗരവ് ഗാംഗുലിയുമാണ് ക്യാപിറ്റല്‍സിന് ഒപ്പമുള്ളത്. ഇപ്പോള്‍ മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.

സ്ക്വയര്‍ കട്ടും തന്‍റെ ട്രേഡ്മാര്‍ക്ക് ഷോട്ടായ സ്റ്റെപ്പ് ഔട്ട് ചെയ്തുള്ള സിക്സുമൊക്കെ ഗാംഗുലി ഇപ്പോഴും അനായാസമായി നെറ്റ്സില്‍ കളിക്കുന്നുണ്ട്. ടീമിനെ രക്ഷിക്കാൻ എങ്കില്‍ ഗാംഗുലി തന്നെ ഇറങ്ങട്ടെ എന്നാണ് ആരാധകര്‍ വീഡിയോയോട് പ്രതികരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചത്. അതേസമയം, കരുത്തരായ ഗുജറാത്തിനെ അട്ടിമറിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ക്യാപിറ്റൽസ്.

Scroll to load tweet…

ലഖ്നൗവിനെതിരെ കയാങ്കളിയോളമെത്തിയ മത്സരം ജയിച്ചെത്തുന്ന റോയൽ ചലഞ്ചേഴ്സ് കുതിപ്പ് തുടരാമെന്നുള്ള പ്രതീക്ഷയിലാണ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 23 റണ്‍സിന് ബാംഗ്ലൂര്‍ ജയിച്ചിരുന്നു. ഡൽഹിയിലും അതാവര്‍ത്തികയാണ് ലക്ഷ്യം. കോലി - ഡുപ്ലസി - മാക്സ്‍വെൽ ത്രയത്തിനപ്പുറത്തേക്ക് ബാറ്റിംഗ് നിരയില്ലാത്തതാണ് ബാംഗ്ലൂരിന്റെ പ്രശ്നം. പരിചയ സമ്പന്നനായ കേദാര്‍ ജാഥവ് എത്തുന്നതോടെ മധ്യനിരയിലെ തകര്‍ച്ചയ്ക്ക് പരിഹാരം കാണാനാവുമെന്നാണ് ആര്‍സിബി മാനേജ്മെന്റിന്റെ പ്രതീക്ഷ.

സഞ്ജുവിന്‍റെ കൈയില്‍ നിന്ന് എല്ലാം പോയി! തുടരെ തുടരെ പിഴവുകൾ, തുലച്ച് കളഞ്ഞത് സുവര്‍ണാവസരം; ആരാധക‍ർക്ക് നിരാശ