എം എസ് ധോണിയും രവീന്ദ്ര ജ‍ഡേജയും സഞ്ജു സാംസണും അശ്വിനും ബട്‍ലറുമെല്ലാം കളത്തിൽ പോരാടിയപ്പോൾ ​ഗാലറിയിലും നക്ഷത്ര തിളക്കങ്ങൾ ഉണ്ടായിരുന്നു.

ചെന്നൈ: ചെപ്പോക്കിൽ ആർത്തുവിളിച്ച ആയിരങ്ങൾക്ക് മുന്നിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് വെന്നിക്കൊടി പാറിച്ചിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ മൂന്ന് റൺസിന്റെ വിജയമാണ് സഞ്ജുവും സംഘവും പേരിലാക്കിയത്. ചെപ്പോക്ക് ഇന്നലെ താരങ്ങളുടെ എണ്ണം കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ചു. എം എസ് ധോണിയും രവീന്ദ്ര ജ‍ഡേജയും സഞ്ജു സാംസണും അശ്വിനും ബട്‍ലറുമെല്ലാം കളത്തിൽ പോരാടിയപ്പോൾ ​ഗാലറിയിലും നക്ഷത്ര തിളക്കങ്ങൾ ഉണ്ടായിരുന്നു.

തമിഴ് സിനിമ ലോകത്ത് നിന്നും തൃഷ, സതീഷ്, ലോകേഷ് കനകരാജ്, മേഖ ആകാശ് തുടങ്ങിയവരയാണ് ചെന്നൈ സൂപ്പർ കിം​ഗ്സിനെ പിന്തുണച്ച് എത്തിയത്. മലയാളത്തിൽ നിന്ന് ബിജു മേനോൻ, ജയറാം, പാർവതി തുടങ്ങിയവരുമുണ്ടായിരുന്നു. സഞ്ജു സാംസണിനും രാജസ്ഥാനും പിന്തുണ നൽകിയാണ് മലയാളി താരങ്ങൾ ചെപ്പോക്കിൽ എത്തിയത്. മലയാളത്തിനും തമിഴിനും ഒരുപോലെ പ്രിയപ്പെട്ട ഐശ്വര്യ രാജേഷും ഇന്നലെ മത്സരം കാണാൻ എത്തിയിരുന്നു. 

അതേസമയം, ചെപ്പോക്കില്‍ മത്സരത്തിന്‍റെ ആവേശം അവസാന പന്തിലേക്ക് നീണ്ടപ്പോള്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. സിഎസ്‌കെയ്‌ക്കായി ഡെവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജ‍ഡേജ(15 പന്തില്‍ 25*) എന്നിവരും തിളങ്ങി.

രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. രാജസ്ഥാനായി അർധ സെഞ്ചുറിയോടെ ജോസ് ബട്‍ലർ(52) ഫോം തുടര്‍ന്നപ്പോള്‍ ദേവദത്ത് പടിക്കൽ(38), ഷിമ്രോന്‍ ഹെറ്റ്മെയർ(30) എന്നിവരും തിളങ്ങി. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തില്‍ പുറത്തായത് നിരാശയായി. 

'യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നു'; ഗാം​ഗുലി, രോ​ഹിത്, ഹാർദിക് പാണ്ഡ്യ എന്നിവർക്കെതിരെ പൊതുതാത്പര്യ ഹർജി