പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധക പിന്തുണയ്‌ക്ക് ഹൃദ്യമായ നന്ദി പറയുകയാണ് വിരാട് കോലി

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിരാട് കോലി ഗംഭീര സെഞ്ചുറി നേടിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. കിംഗിന്‍റെ സെഞ്ചുറിക്ക് ഗില്‍ ശതകത്തിലൂടെ മറുപടി നല്‍കിയതോടെയാണ് ആര്‍സിബിയുടെ വഴികള്‍ അടഞ്ഞത്. കപ്പ് ഇത്തവണ ബെംഗളൂരുവിലേക്ക് എന്നുറപ്പിച്ച ആരാധകര്‍ക്ക് മുന്നില്‍ ആര്‍സിബി ചിന്നസ്വാമിയില്‍ തോറ്റ് മടങ്ങുന്ന ഹൃദയഭേദകമായ കാഴ്‌ചയാണ് ഏവരും കണ്ടത്. ആരാധകരുടെ നെഞ്ച് കലക്കിയ തോല്‍വിക്കൊടുവില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി. 

പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധക പിന്തുണയ്‌ക്ക് ഹൃദ്യമായ നന്ദി പറയുകയാണ് വിരാട് കോലി. 'മികച്ച സീസണായിരുന്നെങ്കിലും ലക്ഷ്യത്തിനരികെ നമ്മള്‍ കാലിടറി വീണു. നിരാശയുണ്ടെങ്കിലും നമ്മള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കും. പിന്തുണയ്‌ക്കുന്ന എല്ലാ ആരാധകര്‍ക്കും നന്ദിയറിയിക്കുകയാണ്' എന്നുമാണ് കോലിയുടെ ട്വീറ്റ്. മത്സരത്തില്‍ ആര്‍സിബി തോറ്റപ്പോഴും കോലിയുടെ സെഞ്ചുറി ഇന്നിംഗ്‌സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി ഏവരും വാഴ്‌ത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ് കോലിയുടെ ഏഴാം ശതകം കൂടിയാണിത്. 

മത്സരത്തില്‍ ആര്‍സിബിക്കെതിരെ ആറ് വിക്കറ്റിന്‍റെ ജയം ഗുജറാത്ത് ടൈറ്റന്‍സ് നേടിയതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പർ കിംഗ്സിനും ലഖ്നൗ സൂപ്പ‍‍ർ ജയന്റ്സിനും പിന്നാലെ നാലാം ടീമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തി. ​ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തിരുന്നു. കോലി 61 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 101* റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 52 ബോളില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം 104* റണ്‍സുമായി തകര്‍ത്തടിച്ചതോടെ അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ടൈറ്റന്‍സ് ജയത്തിലെത്തുകയായിരുന്നു. 

Read more: ഗില്ലാട്ടം! ആർസിബിക്ക് മടവെച്ച് ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍