മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലാണ് രാഹുല്‍ ദ്രാവിഡ്. ഏത് പ്രതിസന്ധിയിലും ടീമിനെ തകരാതെ കാക്കുന്ന വന്‍മതില്‍. കളിച്ചുകൊണ്ടിരുന്ന കാലത്ത് എതിരാളികളെ നോക്കു കൊണ്ടോ വാക്കു കൊണ്ടോ ഒരിക്കല്‍ പോലും പ്രകോപിപ്പിക്കാത്ത രാഹുല്‍ ദ്രാവിവ് പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമാധ്യങ്ങളില്‍ ബൗണ്ടറി ഭേദിച്ച് മുന്നേറുന്നത്.

പരസ്യ വീഡിയോയില്‍ ദ്രാവിഡിന്‍റെ ഇതുവരെ കാണാത്ത മുഖം കണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പോലും അത്ഭുതപ്പെട്ടുപോയി. യുട്യൂബില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ കാഴ്ചക്കാരുടെ എണ്ണം ഇരുപതിനായിരവും കടന്നു കുതിക്കുകയാണ്.

കാറില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു കിടക്കുന്ന ദ്രാവിഡിനെയാണ് വീഡിയോയില്‍ കാണാനാകുക. പിന്നീട് തൊട്ടടുത്ത് കിടക്കുന്ന യാത്രികരോട് ചൂടാവുന്നതും പൊട്ടിത്തെറിക്കുന്നതും ബാറ്റെടുത്ത് അടുത്തുള്ള കാറിന്‍റെ മിറര്‍ തല്ലിപ്പൊട്ടിക്കുന്നതും ഒടുവില്‍ കാറിന്‍റെ റൂഫ് തുറന്ന് ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് ഉറക്കെ വിളിച്ചലറുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കണ്ട് കോലി പറഞ്ഞത് ദ്രാവിഡ് ഇങ്ങനെ ചൂടാവുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്നാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് താരമായ ടി നടരാജനാകട്ടെ രാഹുല്‍ സാറുടെ കൈയില്‍ നിന്ന് ഇന്നാരെങ്കിലും മേടിക്കുമെന്ന് ട്വീറ്റ് ചെയ്തു.