ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അംപയറിംഗ് എല്ലാ സീസണുകളിലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണയും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന ലക്ഷ്ണമാണ് കാണുന്നത്. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അര്‍ഹിച്ച ജയം നഷ്ടാക്കിയത് അംപയറിംഗിലെ പിഴവാണ്. മുന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരവും ഇന്ത്യയുടെ ഇതിഹാസങ്ങളില്‍ ഒരാളുമായ വിരേന്ദര്‍ സെവാഗ് ഇക്കാര്യം ചൂണ്ടികാണിക്കുകയും ചെയ്തു.

ഇന്നലെ പഞ്ചാബ് ബാറ്റ് ചെയ്യുമ്പോള്‍ മായങ്ക് അഗര്‍വാളിന്റെ ബാറ്റ് ക്രീസില്‍ പൂര്‍ണമായും എത്തിയില്ല എന്ന കാരണത്താല്‍ ഒരു റണ്‍സ് അംപയര്‍ കുറിച്ചിരുന്നു. 19ാം ഓവറിലാണ് നാടകീയമായ സംഭവം നടന്നത്. അഗര്‍വാള്‍ ബാറ്റ് ചെയ്യുന്നു, ഒപ്പം ക്രിസ് ജോര്‍ദാനും. ഇരുവരും ഓടിയെടുത്ത രണ്ട് റണ്‍സില്‍ ഒരു തവണ ക്രീസില്‍ പൂര്‍ണമായും ബാറ്റ് എത്തിയില്ലെന്ന കാരണം പറഞ്ഞ് ലെഗ് അംപയര്‍ ഒരു റണ്‍സ് മാത്രമാണ് നല്‍കിയത്. എന്നാല്‍ സ്‌ക്രീനില്‍ ബാറ്റ് പൂര്‍ണമായും എത്തിയതായി വ്യക്തമാവുകയും ചെയ്തിരുന്നു. അംപയറുടെ ഈ തെറ്റായ തീരുമാനമാണ് പഞ്ചാബിനെ ജയത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയത്. മോശം അംപയറിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സെവാഗ്.

സെവാഗിന്റെ ട്വീറ്റ് ഇങ്ങനെ 'മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയ ആളെ തിരഞ്ഞെടുത്തതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഷോര്‍ട്ട് റണ്‍ വിധിച്ച അംപയറാണ് മാന്‍ ഓഫ് ദി മാച്ച്. അത് ഷോര്‍ട്ട് റണ്ണല്ല, അതാണ് വ്യത്യാസം.' സെവാഗ് കുറിച്ചിട്ടു. 

ഇന്നലെ ഡല്‍ഹിക്ക് തുണയായത് സ്റ്റോയിനിസ് നേടിയ 21 പന്തില്‍ നേടിയ 53 റണ്‍സാണ്. രണ്ട് വിക്കറ്റും താരം അക്കൗണ്ടിലാക്കി. പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാളാണ് താരമായത്. 60 പന്തില്‍ 89 റണ്‍സുമായി അവസാന ഓവര്‍ വരെ അദ്ദേഹം പൊരുതിയെങ്കിലും വിജയം നേടിക്കൊടുക്കാനായില്ല. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ജയം സ്വന്തമാക്കി.