ലഖ്‌നൗവിനെതിരെ രവീന്ദ്ര ജഡേജ പുറത്തായ ശേഷം  ചെന്നൈയുടെ അവസാന ഓവറിലാണ് എം എസ് ധോണി ക്രീസിലെത്തിയത്

ചെന്നൈ: ചെപ്പോക്ക് എന്നാല്‍ 'തല'യാണ്, എം എസ് ധോണിയാണ്. അവസാന ഓവറില്‍ അഞ്ച് പന്ത് ശേഷിക്കേ ക്രീസിലെത്തിയ 'ഗോട്ട്' നായകന്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്‌സറിന് പറത്തുന്നതിനേക്കാള്‍ വലിയ എന്ത് ആനന്ദമുണ്ട് അതിനാല്‍ തല ഫാന്‍സിന്? ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അവസാന ഓവറിലെ ധോണി ഫിനിഷിംഗിന് ചെപ്പോക്കിന് സമീപത്തെ മറീന ബീച്ചിലെ കൂറ്റന്‍ തിരമാലകളേക്കാള്‍ പതിന്‍മടങ്ങ് ആരവമുണ്ടായിരുന്നു. ആ കാഴ്‌ചകള്‍ ഒരിക്കല്‍ക്കൂടി കാണാം.

ലഖ്‌നൗവിനെതിരെ രവീന്ദ്ര ജഡേജ പുറത്തായ ശേഷം ചെന്നൈയുടെ അവസാന ഓവറിലാണ് എം എസ് ധോണി ക്രീസിലെത്തിയത്. ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ ധോണിയെ ക്രീസിലേക്ക് ആനയിച്ചത്. മാര്‍ക് വുഡിന്‍റെ ആദ്യ പന്തിന് 148 കിലോമീറ്ററിലേറെ വേഗമുണ്ടായിരുന്നു. എന്ത് ചെയ്യാനാ...വന്നയുടന്‍ പന്തിന്‍റെ വേഗതയെ പോലും ബഹുമാനിക്കാതെ തേഡ്-മാന് മുകളിലൂടെ ബൗണ്ടറിലൈനിന് പുറത്തേക്ക് പറത്തി. തൊട്ടടുത്ത പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ ഗാലറിയിലെത്തിച്ചു. ഇതോടെ ചെപ്പോക്കിലെ ഗാലറി ഉല്‍സവനഗരിയായി. തൊട്ടടുത്ത പന്തില്‍ രവി ബിഷ്‌ണോയിയുടെ ക്യാച്ചില്‍ മടങ്ങിയെങ്കിലും ചെപ്പോക്കിലെ തല ഫാന്‍സിന് ആഘോഷിക്കാന്‍ ഇതു ധാരാളമായിരുന്നു. ചില്ലറ ബോളിലല്ല, 151.2 കിലോമീറ്റര്‍ വേഗമുള്ള പന്തിലാണ് ധോണി മടങ്ങിയത്.

മത്സരത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായുഡു അവസാന ഓവറുകളിലേക്ക് നീട്ടിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് നേടി. ചെന്നൈക്കായി റുതുരാജ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. ധോണിയുടെ മൂന്ന് പന്തിലെ 12ന് പുറമെ റുതുരാജ് ഗെയ്‌ക്‌വാദ് 57 ഉം ദേവോണ്‍ കോണ്‍വേ 47 ഉം ശിവം ദുബെ 27 ഉം മൊയീന്‍ അലി 19 ഉം ബെന്‍ സ്റ്റോക്‌സ് 8 ഉം അമ്പാട്ടി റായുഡു 27* ഉം, രവീന്ദ്ര ജഡേജ 3 ഉം മിച്ചല്‍ സാന്‍റ്‌നര്‍ 1 ഉം റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ റുതുവും കോണ്‍വേയും 9.1 ഓവറില്‍ 110 റണ്‍സ് ചേര്‍ത്തു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി. 

Scroll to load tweet…

Read more: 6, 6! തകര്‍ത്താടി 'തല'... ചെപ്പോക്കില്‍ ചെന്നൈ വെടിക്കെട്ട്; ലഖ്‌നൗവിന് 218 റണ്‍സ് വിജയലക്ഷ്യം