Asianet News MalayalamAsianet News Malayalam

ഇവന് ഇതുതന്നെ പണി, ഓട്ടോഗ്രാഫിനായി ഓടിയെത്തി ദീപക് ചാഹറിനെ ഓടിച്ച് ധോണി-വീഡിയോ

ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ദീപക് ചാഹര്‍ മാര്‍ക്കറുമായി ധോണിക്ക് അരികിലെത്തി തന്‍റെ ജേഴ്സിയില്‍ ഓട്ടോഗ്രാഫ് നല്‍കണമെന്ന് ധോണിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ചാഹറിനോട് നല്‍കാനാവില്ല നീ പോ എന്ന രീതിയില്‍ ആംഗ്യം കാട്ടിയിട്ടും വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ച ചാഹറിനെ നോക്കി ബിസിസിഐ വൈസ് പ്രസിഡന്‍റ് കൂടിയായ രാജീവ് ശുക്ലയോട് ചാഹറിനെ ചൂണ്ടിക്കാട്ടി എന്തോ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Watch MS Dhoni refuses Deepak Chahar's autograph request after final win gkc
Author
First Published May 30, 2023, 12:35 PM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ചാം കിരീടം നേടിയതിന് പിന്നാലെ എല്ലാവരും ഓടിയെത്തിയത് നായകന്‍ എം എസ് ധോണിയുട അടുത്തേക്കായിരുന്നു. ധോണിക്കൊപ്പം വിജയാഘോഷം നടത്താനായിരുന്നു ടീം അംഗങ്ങളെല്ലാം ശ്രമിച്ചത്. വിജയ റണ്‍സ് നേടിയശേഷം ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ രവീന്ദ്ര ജഡേജ ധോണിയുടെ ദേഹത്തെക്ക് ചാടിക്കയറി. കാല്‍മുട്ടിലെ പരിക്കിനെപ്പോലും അവഗണിച്ച് ധോണി ജഡേജയെ എടുത്തുയര്‍ത്തുകയും ചെയ്തതോടെ ചെന്നൈ താരങ്ങളെല്ലാം ധോണിയെയും ജഡേജയെയും പൊതിഞ്ഞു.

ആഘോഷത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ദീപക് ചാഹര്‍ മാര്‍ക്കറുമായി ധോണിക്ക് അരികിലെത്തി തന്‍റെ ജേഴ്സിയില്‍ ഓട്ടോഗ്രാഫ് നല്‍കണമെന്ന് ധോണിയോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ചാഹറിനോട് അതൊന്നും നല്‍കാനാവില്ല നീ പോ എന്ന രീതിയില്‍ കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ടും വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ച ചാഹറിനെ നോക്കി ബിസിസിഐ വൈസ് പ്രസിഡന്‍റ് കൂടിയായ രാജീവ് ശുക്ലയോട് ചാഹറിനെ ചൂണ്ടിക്കാട്ടി ധോണി എന്തോ പറയുകയും ചെയ്തു.

തരില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിടാതെ ധോണിയോട് വീണ്ടും വീണ്ടും ചാഹര്‍ അഭ്യര്‍ത്ഥിച്ചതോടെ ധോണി മാര്‍ക്കര്‍ വാങ്ങി ജേഴ്സിയില്‍ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. ഐപിഎല്ലില്‍ ചെന്നൈയില്‍ നടന്ന പ്ലേ ഓഫ് മത്സരത്തിനുശേഷവും ദീപക് ചാഹര്‍ ഇതുപോലെ ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയിരുന്നു. ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കറും അന്ന് ധോണിയില്‍ നിന്ന് ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ ഓടിയെത്തിയിരുന്നു. ധോണി സന്തോഷത്തോടെ നല്‍കുകയു ചെയ്തു.

ഗുജറാത്ത് ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ശുഭ്മാന്‍ ഗില്‍ നല്‍കിയ അനായാസ ക്യാച്ച് മത്സരത്തില്‍ ചാഹര്‍ നിലത്തിട്ടിരുന്നു. പിന്നാലെ സ്വന്തം ബൗളിംഗില്‍ വൃദ്ധിമാന്‍ സാഹയെയും കൈവിട്ടു. മത്സരശേഷം ഹോട്ടലില്‍ എത്തിയ ചാഹര്‍ മുകള്‍നിലയില്‍ നിന്ന് താഴെയുള്ള ടീം അംഗങ്ങളെ നോക്കി ഒറ്റക്ക് നടത്തിയ വിജയാഘോഷവും വൈറലായിരുന്നു.

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചപ്പോള്‍ പിന്നീട് കനത്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിച്ചു. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. അവസാന പന്തില്‍ ബൗണ്ടറി നേടിയ രവീന്ദ്ര ജഡേജ ചെന്നൈക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്.

Follow Us:
Download App:
  • android
  • ios