22കാരനായ വധേര ഈ സീസണില്‍ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണിലെ ആദ്യ 100 മീറ്റര്‍ സിക്സ് പറത്തിയാണ് വധേര ആരാധകരുടെ ശ്രദ്ധയില്‍ പതിഞ്ഞത്.

മുംബൈ: മുംബൈ ഇന്ത്യന്‍സ് യുവതാരം നെഹാല്‍ വധേര വിമാനത്താവളത്തിലെത്തിയത് ബാറ്റിംഗ് പാഡ് ധരിച്ച്. താരങ്ങള്‍ സാധാരണയായി ധരിക്കുന്ന ജംപ് സ്യൂട്ടിനൊപ്പം വധേര എന്തിനാണ് ബാറ്റിംഗ് പാഡും ധരിച്ചിരിക്കുന്നത് എന്നായിരുന്നു ഇതുകണ്ട ആരാധകരുടെയെല്ലാം സംശയം.

ബാറ്റിംഗ് പരിശീലനം കഴിഞ്ഞ് പാഡ് അഴിക്കാന്‍ പോലും സമയമില്ലാതെ നേരിട്ട് വിമാനത്താവളത്തിലെത്തിയതാണോ വധേര എന്നുവരെ ആരാധകര്‍ സംശയിച്ചു. എന്നാല്‍ സംഗതി അതൊന്നുമല്ല, വധേരക്ക് മുംബൈ ഇന്ത്യന്‍സ് നല്‍കിയ ശിക്ഷയാണെന്ന് പിന്നീടാണ് മനസിലായത്. ബാറ്റര്‍മാരുടെ ടീം മീറ്റിംഗില്‍ പങ്കെടുക്കാന്‍ വൈകിയെത്തിയതിനാണ് ശിക്ഷയായി പാഡ് ധരിച്ച് വിമാനത്താവളത്തിലെത്താന്‍ വധേരയോട് മുംബൈ ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചത്.

തന്‍റെ തെറ്റ് അംഗീകരിച്ച വധേര മാനേജ്മെന്‍റ് നിര്‍ദേശിച്ച ശിക്ഷ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പാഡും ധരിച്ച് വധേര വിമാനത്താവളത്തിലൂടെ പോകുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ലുധിയാന സ്വദേശിയായ വധേരയെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്.

EXPLAINED: നിരാശ വേണ്ട, കണക്കില്‍ കാര്യമുണ്ട്! രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കേറാം; സാധ്യതകള്‍ ഇങ്ങനെ

22കാരനായ വധേര ഈ സീസണില്‍ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണിലെ ആദ്യ 100 മീറ്റര്‍ സിക്സ് പറത്തിയാണ് വധേര ആരാധകരുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പിന്നാലെ ടോപ്‍ ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ മത്സരങ്ങളില്‍ ആര്‍സിബിക്കെതിരെയും ചെന്നൈക്കെതിരെയും തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടി വധേര തിളങ്ങി. യുവതാരം തിലക് വര്‍മക്ക് പരിക്കേറ്റതോടെയാണ് വധേരക്ക് മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

Scroll to load tweet…

രഞ്ജി ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി കളിച്ച വധേര ഗുജറാത്തിനെതിരെ സെഞ്ചുറിയും(123) ചാമ്പ്യന്‍മാരായ മധ്യപ്രദേശിനെതിരെ ഇരട്ട സെഞ്ചുറിയും(214) നേടിയിരുന്നു. ഏഴ് ഇന്നിംഗ്സുകളില്‍ 53.71 ശരാശരിയില്‍ 376 റണ്‍സാണ് വധേര കഴിഞ്ഞ രഞ‌്ജി സീസണില്‍ നേടിയത്.