Asianet News MalayalamAsianet News Malayalam

ഇതൊക്കെ മൈതാനത്ത് കണ്ടാല്‍ മതി; പരിശീലനത്തില്‍ അടിച്ചുതകര്‍ത്ത് സഞ്ജു സാംസണ്‍ വീഡിയോ

ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം

Watch Sanju Samson net session ahead PBKS vs RR game in IPL 2023 jje
Author
First Published May 19, 2023, 6:00 PM IST

ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള അവസാന അവസരത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങും മുമ്പ് ആരാധകരെ ആവേശത്തിലാക്കി ഫ്രാഞ്ചൈസി. നായകന്‍ സഞ്ജു സാംസണ്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വീഡിയോയാണ് റോയല്‍സ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നേരിടുന്ന പന്തുകളിലെല്ലാം സഞ്ജു തകര്‍ത്തടിക്കുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരാത്തതിന്‍റെ എല്ലാ പഴിയും സഞ്ജുവിന് ഈ മത്സരത്തില്‍ മാറ്റേണ്ടതുണ്ട്. 

ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം ആരംഭിക്കുക. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമിനും മത്സരത്തില്‍ ജയം അനിവാര്യമാണ്. പഞ്ചാബിനും റോയല്‍സിനും 12 പോയിന്‍റ് വീതമാണ് നിലവിലുള്ളത്. ജീവന്‍മരണ പോരാട്ടത്തില്‍ സഞ്ജു ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിക്കും എന്ന പ്രതീക്ഷയിലാണ് റോയല്‍സ് ആരാധകര്‍. സീസണില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ 360 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. പതിവുപോലെ മികച്ച തുടക്കം സീസണില്‍ നേടിയിട്ടും അത് തുടരാന്‍ സഞ്ജുവിനായിരുന്നില്ല. മികച്ച ബാറ്റിംഗ് ശരാശരിയും സ്ട്രൈക്ക് റേറ്റും ഉള്ളപ്പോഴാണിത്. 

വമ്പന്‍ സ്കോറുകള്‍ അപൂര്‍വമായി മാത്രം പിറക്കുന്ന മൈതാനമാണ് ധരംശാലയിലേത്. 11 രാജ്യാന്തര ട്വന്‍റി 20കള്‍ക്കാണ് ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം ഇതുവരെ വേദിയായത്. കുറഞ്ഞ സ്കോറുകള്‍ പതിവായി പിറക്കുന്ന ഇവിടെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 137 ഉം രണ്ടാം ഇന്നിംഗ്‌സിലേത് 128 ഉം ആണ്. ആദ്യം ബാറ്റ് ചെയ്‌തവര്‍ നാലും രണ്ടാമത് ബാറ്റ് വീശിയവര്‍ ആറും മത്സരങ്ങളില്‍ വിജയിച്ചു. അതിനാല്‍ തന്നെ ടോസ് നിര്‍ണായകമാകും. മത്സരം മഴ കൊണ്ടുപോവുമോ എന്ന യാതൊരു ആശങ്കയും ആരാധകര്‍ക്ക് വേണ്ട എന്നാണ് ധരംശാലയില്‍ നിന്നുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 

കാണാം വീഡിയോ

Read more: സഞ്ജു സാംസണ്‍ പഞ്ചാബിനെ പഞ്ചറാക്കും എന്ന് കണക്കുകള്‍

Follow Us:
Download App:
  • android
  • ios