ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ മുഴുനീള ഓട്ടത്തിനും ജംപിനുമൊടുവില്‍ സുന്ദര ക്യാച്ചിലൂടെ മടക്കി

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ വീണ്ടുമൊരു സൂപ്പര്‍ ക്യാച്ച് കൂടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ജേസന്‍ റോയിയെ പുറത്താക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഷിമ്രോന്‍ ഹെറ്റ്‌മെയറാണ് ബൗണ്ടറിലൈനില്‍ ഗംഭീര ക്യാച്ചെടുത്തത്. കെകെആര്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ സ്ലോ ബോളില്‍ ഫ്ലിക്കിലൂടെ സിക്‌സര്‍ ശ്രമത്തിലായിരുന്നു ജേസന്‍ റോയി. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ മുഴുനീള ഓട്ടത്തിനും ജംപിനുമൊടുവില്‍ സുന്ദര ക്യാച്ചിലൂടെ റോയിയെ ഹെറ്റ്‌മെയര്‍ മടക്കി. എട്ട് പന്തില്‍ 10 റണ്‍സ് മാത്രമേ റോയി നേടിയുള്ളൂ. 

പ്ലേയിംഗ് ഇലവനുകള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, അനുകുല്‍ റോയി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, കെ എം ആസിഫ്, യുസ്‌വേന്ദ്ര ചാഹല്‍. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കുല്‍ദീപ് സിംഗ് യാദവിന് പകരം സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ തിരിച്ചെത്തി. മൂന്നാം ഓവറില്‍ തന്നെ ഇംപാക്‌ട് സൃഷ്‌ടിക്കാന്‍ ബോള്‍ട്ടിനായി. മുരുകന്‍ അശ്വിന് പകരം മലയാളി താരം കെ എം ആസിഫ് കളിക്കുന്നുണ്ട്. ജോ റൂട്ട് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നും ടോസ് വേളയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കി. തോല്‍വികള്‍ മറന്ന് മുന്നോട്ടുകുതിക്കുകയാണ് ലക്ഷ്യമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. അതേസമയം കെകെആറില്‍ ഒരു മാറ്റമേയുള്ളൂ. വൈഭവ് അറോറയ്‌ക്ക് പകരം അനുകുല്‍ റോയി എത്തി. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും മത്സരത്തില്‍ ജയിച്ചേ മതിയാകൂ.

കാണാം വീഡിയോ

Scroll to load tweet…

Read more: നായകന് നന്ദി, ഇടനെഞ്ചിലാണ് സഞ്ജു സാംസണ്‍; വാഴ്‌ത്തിപ്പാടി യശസ്വി ജയ്‌സ്വാള്‍