ഐപിഎല്ലിലെ ഏറ്റവും വിചിത്രമായ പുറത്താകലുകളിലൊന്നായി ഇത്

അഹമ്മദാബാദ്: ഒരു ക്യാച്ചിനായി മൂന്ന് താരങ്ങള്‍ തമ്മില്‍ മത്സരം, രാജസ്ഥാന്‍ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നു, ഇതിനിടെ പന്ത് സഞ‌്ജു സാംസണിന്‍റെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു. ഒടുവില്‍ ബോളര്‍ തന്നെയായ ട്രെന്‍ഡ് ബോള്‍ പന്ത് പിടികൂടുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ രാജസ്ഥാന്‍ റോയല്‍സ് പുറത്താക്കിയത് ഇത്ര നാടകീയമായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ ലെഗ് സൈഡിലേക്ക് പറത്താനായിരുന്നു വൃദ്ധിമാന്‍ സാഹയുടെ ശ്രമം. എന്നാല്‍ എഡ്‌ജായി ക്രീസിന് നേരെ മുകളിലേക്ക് ഉയര്‍ന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും മറ്റ് രണ്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളും ഓടിയെത്തുകയായിരുന്നു. സാംസണിന്‍റെ വിളി കേള്‍ക്കാതെ പോയിന്‍റിലും മിഡ്‌ വിക്കറ്റിലും നിന്ന് ഓടിയെത്തിയ ഫീല്‍ഡര്‍മാരാണ് സഞ്ജുവിന് പാരയായത്. മൂവരും തമ്മില്‍ കൂട്ടിയിടിച്ചതോടെ പന്ത് സഞ്ജുവിന്‍റെ കൈകളില്‍ നിന്ന് വഴുതി. എങ്കിലും സമീപത്ത് തന്നെയുണ്ടായിരുന്ന ബൗളര്‍ ബോള്‍ട്ട് സഞ്ജുവിന്‍റെ കയ്യില്‍ തട്ടി തെറിച്ച പന്തില്‍ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. 
ഐപിഎല്ലിലെ ഏറ്റവും വിചിത്രമായ പുറത്താകലുകളിലൊന്നായി ഇത്. മൂന്ന് പന്തില്‍ ഒരു ഫോറോടെ നാല് റണ്‍സാണ് സാഹ നേടിയത്. സീസണിലെ ഫോം ഔട്ട് തുടരുന്ന സാഹ 25, 14, 14, 30 എന്നിങ്ങനെയാണ് മുന്‍ മത്സരങ്ങളില്‍ നേടിയ സ്കോറുകള്‍. 

Scroll to load tweet…

കണക്കുവീട്ടാന്‍ റോയല്‍സ്

ഐപിഎല്‍ 2022 സീസണിലെ ഫൈനലിന് ശേഷം സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും മുഖാമുഖം വരുന്ന ആദ്യ മത്സരമാണിത്. അന്ന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് കന്നി കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ കിരീടപ്പോരിലെ തോല്‍വിക്ക് പകരംവീട്ടാന്‍ രാജസ്ഥാന്‍ ഇറങ്ങിയപ്പോള്‍ ആധിപത്യം തുടരുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം. ഐപിഎല്‍ പതിനാറാം സീസണില്‍ ഇക്കുറി ഇരു ടീമിനും മൂന്ന് വീതം ജയവും ഓരോ തോല്‍വിയുമാണുള്ളത്.

Read more: ടോസ് ജയിച്ച് സഞ്ജു സാംസണ്‍; സൂപ്പര്‍ താരം മടങ്ങിയെത്തി, കടം വീട്ടാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്