ദുബായ്: രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് വലിയ തോല്‍വിയാണ് കഴിഞ്ഞ മത്സരത്തില്‍ ഏറ്റുവാങ്ങിയത്. ജോസ് ബട്ലര്‍ ഒഴികെയുള്ള താരങ്ങള്‍ എല്ലാം തന്നെ ബാറ്റിംഗില്‍ വലിയ പരാജയമാണ് കാഴ്ചവച്ചത്. അതില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍‍ശനം നേരിടുന്നത് മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ആണെന്ന് കാണാം.

ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും മാന്‍ ഓഫ് ദ മാച്ചായിരുന്നു സഞ്ജു. എന്നാല്‍ തുടര്‍ന്ന് വന്ന മത്സരങ്ങളിലെ സ്കോര്‍ ഇങ്ങനെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനോട് 8 റണ്‍സ്, റോയല്‍ ചലഞ്ചേര്‍സ് ബംഗലൂരുവിനോട് 4 റണ്‍സ്, മുംബൈ ഇന്ത്യന്‍സിനോട് 3 പന്തുകള്‍ പിടിച്ച് പൂജ്യത്തിന് പുറത്തായി. 

ഇതില്‍ സഞ്ജുവിന്‍റെ കഴിഞ്ഞ മത്സരത്തിലെ പുറത്താകലിനെ കമന്‍റേറ്റര്‍മാര്‍ പോലും അത്ഭുതത്തോടെയാണ് പരാമര്‍ശിച്ചത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ടെക്‌നിക്കലി പെര്‍ഫെക്റ്റ് ആയിട്ടുള്ള ഒരാള്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന് സമാനമാണ് ഇതെന്നാണ് വിലയിരുത്തല്‍. ബോള്‍ട്ടിനെ പോലെ ഒരു ബൌളര്‍ക്കെതിരെ കുറച്ചുകൂടി കരുതല്‍ ആവശ്യമായിരുന്നു എന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ  ബാറ്റ്‌സ്മാന്മാരുടെ നിര ശ്രദ്ധിച്ചാല്‍ തന്നെ ജോസ് ബട്‌ലര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആ ടീം മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്ന താരം സഞ്ജു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം അത്തരത്തില്‍ നോക്കിയാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഈ പ്രതീക്ഷയ്ക്കൊപ്പം നില്‍ക്കാന്‍ സഞ്ജുവിന് സാധിച്ചില്ല എന്ന് കാണാം.

ബാക്കി മത്സരങ്ങള്‍ ഉണ്ടാല്ലോ എന്നതാണ് ഇതിന് മറുപടിയായി വരുന്നത്. പക്ഷെ ഈ ഉത്തരത്തിനായി സോഷ്യല്‍ മീഡിയയിലെ വിവിധ ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത് ഒരു കണക്കാണ്. ഇത് പ്രകാരം മുന്‍കാല ഐപിഎല്‍ പ്രകടനങ്ങള്‍ പരിഗണിച്ചാലും സഞ്ജു സാംസണില്‍ നിന്നും എനി മികച്ച പ്രകടനം ഉണ്ടാകുമോ എന്ന സംശയം വരുന്നു.

2017 ഐപിഎല്‍ സീസണ്‍: ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും സഞ്ജു നേടിയത് 114 റണ്‍സ്, അടുത്ത 12 കളിയില്‍ നിന്നും നേടിയത് 272 റണ്‍സ്

2018 ലെ ഐപിഎല്‍ സീസണ്‍: ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും നേടിയത് 178 റണ്‍സ്, പിന്നീടുള്ള പന്ത്രണ്ട് കളിയില്‍ നിന്നും നേടിയത് 263 റണ്‍സ്

2019ലെ  ഐപിഎല്‍ സീസണ്‍: ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും നേടിയത് 132 റണ്‍സ്, പിന്നീട് വന്ന 10 കളിയില്‍ നിന്നും നേടിയത് 210 റണ്‍സ്.

ഇത്തവണയും വ്യത്യാസമില്ലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും 159 റണ്‍സ് പിന്നീട് റണ്‍ നിരക്ക് താഴോട്ട്.

എന്നാല്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നവര്‍ ഇതിന് കാര്യങ്ങളും പരിഹാരങ്ങളും പറയുന്നു. സഞ്ജുവിന്‍റെ ബാറ്റിംഗ് ഓഡര്‍ ഓപ്പണിംഗ് സ്ഥാനത്ത് വേണം എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. ഇനിയും മത്സരങ്ങള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.