ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയത്തിനൊടുവില്‍ റിങ്കു സിംഗ് തലയുയര്‍ത്തി മടങ്ങിയപ്പോള്‍ മുഖംപൊത്തി കരയുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യഷ് ദയാല്‍

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ത്രില്ലര്‍ ഫിനിഷിംഗുകളില്‍ ഒന്നിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ഞായറാഴ്‌ച സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്‌സറടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റിങ്കു സിംഗ് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. യഷ് ദയാല്‍ എറിഞ്ഞ ഓവറിലായിരുന്നു റിങ്കുവിന്‍റെ ഈ ബാറ്റിംഗ് താണ്ഡവം.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയത്തിനൊടുവില്‍ റിങ്കു സിംഗ് തലയുയര്‍ത്തി മടങ്ങിയപ്പോള്‍ മുഖംപൊത്തി കരയുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യഷ് ദയാല്‍. ഇപ്പോൾ മകന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ യഷ് ദയാലിന്റെ അമ്മ രാഥ ദയാൽ പൊട്ടിക്കരയുകയായിരുന്നും ഭക്ഷണം പോലും കഴിച്ചില്ലെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, സ്പോർട്സിൽ ഇത്തരം നിമിഷങ്ങൾ നേരിടേണ്ടി വരുമെന്നും ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായാലും കൂടുതൽ ശക്തമായി നിലകൊള്ളേണ്ടത് പ്രധാനമാണെന്നുമാണ് യഷ് ദയാലിന്റെ അച്ഛൻ ചന്ദ്രപാൽ പ്രതികരിച്ചത്. തന്റെ മകന്റെ അവസ്ഥയിൽ നായകൻ ഹർദിക് പാണ്ഡ്യ ഉൾപ്പെടെ ടീം അം​ഗങ്ങളെല്ലാം അവനൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം ഹോട്ടലിൽ എത്തിയപ്പോൾ ഹർദിക് പാണ്ഡ്യയും റാഷിദ് ഖാനും അവന് പിന്തുണ നൽകി കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും ചന്ദ്രപാൽ പറഞ്ഞു.

അതേസമയം, മത്സര ശേഷം യഷിനെ ആശ്വസിപ്പിച്ച് റിങ്കു തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. 'മത്സര ശേഷം യഷ് ദയാലിന് ഞാന്‍ സന്ദേശം അയച്ചു. ഇതൊക്കെ ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്, നിങ്ങള്‍ കഴിഞ്ഞ വര്‍ഷം നന്നായി കളിച്ച താരമാണ്. ഞാന്‍ അവനെ കുറച്ചൊന്ന് പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ' എന്നുമാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് റിങ്കു സിംഗ് പറഞ്ഞത്. 

സഞ്ജുവിന്റെ ബാറ്റിം​ഗ് പരിശീലനം; തൊട്ട് പിന്നിലാരാണെന്ന് ഒന്ന് നോക്കിക്കേ..! ആവേശക്കൊടുമുടിയിൽ ആരാധകർ