മുംബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ ആദ്യപകുതിയില്‍ മോശം പ്രകടനമാണ് ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി കാഴ്‌ചവെച്ചത്. സീസണില്‍ ഏഴ് മത്സരങ്ങളില്‍ 37 റണ്‍സേ നേടിയിരുന്നുള്ളൂ. കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ ധോണി ശക്തമായി തിരിച്ചെത്തുമെന്ന് പറയുകയാണ് സഹതാരം ദീപക് ചാഹര്‍. 

'ഒരു ബാറ്റ്സ്‌മാന് ഒരേ രീതിയില്‍ 15-20 വര്‍ഷക്കാലം കളിക്കാനാവില്ല. റഗുലര്‍ ക്രിക്കറ്റ് കളിക്കാത്ത ഒരു താരത്തിന് പെട്ടെന്നൊരു ദിവസം ഐപിഎല്‍ പോലൊരു വേദിയില്‍ വന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. അതിന് സമയമെടുക്കും. ഫിനിഷറുടെ റോളാണ് ധോണി എന്നും വഹിച്ചിരുന്നത്. റഗുലര്‍ ക്രിക്കറ്റ് കളിക്കാതിരിക്കുമ്പോള്‍ അത് പ്രയാസമാണ്' എന്നും ദീപക് ചാഹര്‍ സ്‌പോട്‌സ്‌കീഡയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'ഐപിഎല്ലില്‍ 2018, 19 സീസണുകളിലും ധോണി സാവധാനമാണ് തുടങ്ങിയത്. എന്നാല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിന് അനുസരിച്ച് അദേഹത്തിന്‍റെ സ്‌ട്രോക്ക് പ്ലേ മികച്ചതായി. അതിനാല്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംപകുതിയില്‍ ധോണിയുടെ മികച്ച പ്രകടനം കാണാന്‍ കഴിഞ്ഞേക്കും' എന്നും ചാഹര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ പതിനാലാം സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് ജയവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ബാറ്റിംഗില്‍ കഴിഞ്ഞ സീസണിലെ ഫോമില്ലായ്‌മ എം എസ് ധോണി തുടരുകയായിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 18 ആണെങ്കില്‍ ശരാശരി 12.33 മാത്രമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. 

നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്‍ സെപ്റ്റംബര്‍ പതിനെട്ടോടെ പുനരാരംഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലാകും മത്സരങ്ങള്‍. ശനിയാഴ്‌ച ചേരുന്ന ബിസിസിഐ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. ആറ് താരങ്ങൾക്കും രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂർണമെൻറ് നിർത്തിവയ്‌ക്കാന്‍ മെയ് നാലിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

'വെല്ലുവിളിയാണ് ഇംഗ്ലണ്ടിലെ സാഹചര്യം, എല്ലാ പന്തും അടിക്കാന്‍ ശ്രമിക്കരുത്'; യുവതാരത്തിന് കപിലിന്‍റെ ഉപദേശം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona