ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന് ജയം. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എടികെയുടെ ജയം. 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് എടികെ ജയം ആഘോഷിച്ചത്. റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ എടികെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്കും എടികെയ്ക്കും ആറ് മത്സരങ്ങളില്‍ 13 പോയിന്റ് വീതമാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ഗോവ ആറാം സ്ഥാനത്താണ്. 

പന്തടക്കത്തില്‍ ഗോവ തന്നെയായിരുന്നു മുന്നില്‍. മത്സരത്തില്‍ 73 ശതമാനം ഭാഗവും ഗോവ പന്ത് കൈവശം വച്ചു. എന്നാല്‍ ഗോള്‍ വര കടത്താന്‍ മാത്രം സാധിച്ചില്ല. ആദ്യ പകുതിയില്‍ എടികെയ്ക്കാണ് ആദ്യ ഗോള്‍  അവസരം ലഭിച്ചത്. ഡേവിഡ് വില്യംസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു. ഗോവയാവട്ടെ കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ പോലും ഗോവയ്ക്ക് സാധിച്ചില്ല. 

56ാം മിനിറ്റില്‍ അല്‍ബര്‍ട്ടോ നൊഗ്വേരയുടെ ഒരു ഹെഡ്ഡര്‍ ശ്രമം എടികെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീളും എന്ന സാഹചര്യത്തിലാണ് എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുന്നത്. റോയ് കൃഷ്ണയെ എയ്ബാന്‍ ദോഹ്‌ളിങ് ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. കിക്കെടുത്ത ഫിജി സ്‌ട്രൈക്കര്‍ക്ക് പിഴച്ചില്ല. എടികെയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നു.

ഇഞ്ചുറി സമയത്ത് സേവിയര്‍ ഗാമയുടെ ഗോളെന്നുറച്ച ഷോട്ട് ഭട്ടാചാര്യ അതിമനോഹരമായി രക്ഷപ്പെട്ടുത്തി. ഇതോടെ മത്സരം എടികെയ്ക്ക് അനുകൂലമായി.