ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം സമനില. ഹൈദരാബാദുമായിട്ടായിരുന്നു സുനില്‍ ഛേത്രിയുടെ സംഘത്തിന്റെയും മത്സരം. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. എഫ്‌സി ഗോവയ്‌ക്കെതിരായ സീസണിലെ ആദ്യ മത്സരത്തിലും ബംഗളൂരുവിന് സമനിലയായിരുന്നു ഫലം. ഹൈദരാബാദ് ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ തോല്‍പ്പിച്ചിരുന്നു. 

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വിരസമായ മത്സരമായിരുന്നു. പന്തടക്കത്തില്‍ ഹൈദരാബാദ് മുന്നിലായിരുന്നു. ബാള്‍ പാസിങ്ങിലും ഹൈദരാബാദ് ബംഗളൂരുവിനെ പിന്നിലാക്കി. എന്നാല്‍ ഇരു ടീമിലേയും ഗോള്‍ കീപ്പര്‍മാര്‍ക്ക് കാര്യമായ പണിയുണ്ടായിരുന്നില്ല. 

ആദ്യ അവസരം സൃഷ്ടിച്ചതും ഹൈദരാബാദ് ആയിരുന്നു. 24ാം മിനിറ്റിലായിരുന്നു അത്. ഹൈദരാബാദിന്റെ സ്പാനിഷ് താരം അരിഡാനെ സാന്റനയെടുത്ത ഫ്രീകിക്ക് ബംഗളൂരു ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിയകറ്റി.

പിന്നീട് ഒരിക്കല്‍ പോലും ഗോള്‍ കീപ്പറെ പരീക്ഷാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ ചില ചടുലമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ബംഗളൂരുവിന് ഗോള്‍ നേടാനായില്ല.