ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. ബെംഗളൂരു എഫ് സി വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ മുംബൈ സിറ്റിയെ നേരിടും. ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇറങ്ങുന്നത്.  എട്ട് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ മുംബൈ. 20 പോയിന്റുള്ള എടികെ മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്. 

12 പോയിന്റുള്ള ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. മുന്‍ ചാംപ്യന്മാരായ ബംഗളൂരു അവരുടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ജയത്തോടെ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനാണ് ടീമിന്റെ ശ്രമം. മൂന്ന് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് സുനില്‍ ഛേത്രിയുടെ ബാംഗ്ലൂരിന്റെ  അക്കൗണ്ടിലുള്ളത്. 11 ഗോള്‍ നേടിയപ്പോള്‍ ഒന്‍പതെണ്ണം തിരിച്ചുവാങ്ങി. പരിക്കേറ്റ മലയാളിതാരം ആഷിഖ് കുരുണിയനും എറിക് പാര്‍ത്തലവും ഇല്ലാതെയാണ് ബംഗളുരു ഇറങ്ങുക.

മുംബൈ നിരയില്‍ ആര്‍ക്കും പരിക്കില്ല. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് മുംബൈ. 13 ഗോള്‍ നേടിയപ്പോള്‍ മൂന്ന് വഴങ്ങിയത് മൂന്ന് ഗോള്‍മാത്രം. ഗോവയുടെ മുന്‍കോച്ച് സെജിയോ ലൊബേറോയുടെ ശിക്ഷണത്തില്‍ ഇങ്ങുന്ന മുംബൈ ഒറ്റ കളിയിലേ തോറ്റിട്ടുള്ളൂ. ഒരു കളിയില്‍ സമനില വഴങ്ങി. ഇരുടീമും മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ മൂന്ന് മത്സരങ്ങളിലും ബംഗളൂരു രണ്ട് മത്സരങ്ങളിലും ജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.