ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡീഷ എഫ്‌സിയെയാണ് ചെന്നൈയിന്‍ തോല്‍പ്പിച്ചത്. ഇസ്മയില്‍ ഗോണ്‍കാല്‍വസിന്റെ ഇരട്ട ഗോളുകളാണ് ചെന്നൈയിന് തുണയായത്. ഡിയേഗോ മൗറിസിയോയുടെ വകയായിരുന്നു ഒഡീഷയുടെ ഏകഗോള്‍. ജയത്തോടെ ചെന്നൈ അഞ്ചാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള ഒഡീഷ അവസാന സ്ഥാനത്താണ്.

മത്സരത്തില്‍ 21 മിനിറ്റ് പ്രായമാവുമ്പോള്‍ തന്നെ ചെന്നൈയിന്‍ രണ്ട് ഗോളിന്റെ ലീഡ് നേടി. 15ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഒഡീഷ പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോണ്‍കാല്‍വസിന്റെ രണ്ടാം ഗോള്‍. ആദ്യ  പകുതിയില്‍ കൂടുതല്‍ അപകടങ്ങളില്ലാതെ ഒഡീഷ രക്ഷപ്പെട്ടു.

63-ാം മിനിറ്റില്‍ ഒഡീഷ ഒരു ഗോള്‍ തിരിച്ചടിച്ചു. ബോക്‌സിന് പുറത്തുനിന്നുള്ള മൗറിസിയോയുടെ ഷോട്ട് ഗോള്‍വര കടന്നു. പിന്നീട് പ്രതീക്ഷയുണര്‍ത്തുന്ന മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഒഡീഷയ്ക്ക് സാധിച്ചില്ല. നാളെ നടക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവ, ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും.