ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് സമനില. ചെന്നൈയിന്‍ എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ സമനിലയില്‍ തളിച്ചത്. ഇരുടീമിനും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ആറ് മത്സരങ്ങളില്‍ 10 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. അഞ്ച് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. 

പന്തടക്കത്തില്‍ ചെന്നൈയിന് തന്നെയായിരുന്നു ആധിപത്യം. ഗോള്‍ ലക്ഷ്യമാക്കി കൂടുതല്‍ തവണ ഷോട്ടുതിര്‍ത്തതും ചെന്നൈയിന്‍ തന്നെ. എ്ന്നാല്‍ ഗോള്‍വല മാത്രം കുലുങ്ങിയില്ല. സീസണിലാകെ നോര്‍ത്ത് ഈസ്റ്റിന്റെ നാലാം സമനിലയാണിത്. ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത അവര്‍ക്ക് രണ്ട് ജയമാണുള്ളത്. ചെന്നൈയിന് ഒരു ജയം മാത്രമാണുള്ളത്. രണ്ട് വീതം തോല്‍വിയും സമനിലയുമാണ് ചെന്നൈയിന്റെ അക്കൗണ്ടില്‍. 

ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിയെ നേരിടും. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. നാല് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. രണ്ട് വീതം തോല്‍വിയും സമനിലയുമാണ് അക്കൗണ്ടില്‍. ബംഗളൂരു അഞ്ചാം സ്ഥാനത്താണ്.