ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഈസ്റ്റ് ബംഗാള്‍ വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയില്‍ ഒഡിഷ എഫ്‌സിയെ നേരിടും. എടികെ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും. അരങ്ങേറ്റ സീസണ്‍ കളിക്കുന്ന ഈസ്റ്റ് ബംഗാളും രണ്ടാം സീസണ്‍ കളിക്കുന്ന ഒഡിഷയും ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഏഴ് കളിയില്‍ അഞ്ച് ഗോള്‍ മാത്രം നേടിയ ഈസ്റ്റ് ബംഗാള്‍ 13 ഗോളാണ് വഴങ്ങിയത്. മൂന്ന് പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തും രണ്ടു പോയിന്റുമായി ഒഡിഷ ഏറ്റവും അവസാന സ്ഥാനത്തുമാണ്. 

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എടികെ മോഹന്‍ ബഗാന്‍ ഇറങ്ങുന്നത്. എട്ട് കളിയില്‍ 17 പോന്റുള്ള എടികെ ബഗാന്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുംബൈ സിറ്റിയെ മറികടന്ന എടികെയ്ക്ക് ഒന്നാമതെത്താം. 

റോയ് കൃഷ്ണയുടെ സ്‌കോറിംഗ് മികവിലാണ് നിലവിലെ ചാന്പ്യന്‍മാരുടെ പ്രതീക്ഷ. 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആറാം സ്ഥാനത്താണ്. ഇരുടീമും ഇതുവരെ ഒറ്റ കളിയിലേ തോറ്റിട്ടുള്ളൂ.