മഡ്‌ഗാവ്: ഐഎസ്എൽ ഫുട്ബോളില്‍ ഇന്ന് ബെംഗളൂരു എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും. ഗോവയിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ബെംഗളൂരു സീസണിലെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ഗോവയ്‌ക്കെതിരെ രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷം ബെംഗളൂരു സമനില വഴങ്ങിയിരുന്നു. ഒഡീഷയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഹൈദരാബാദിന്‍റെ വരവ്. 

ആദ്യ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ലിസ്റ്റൺ ഇന്ന് ആദ്യ ഇലവനില്‍ കളിച്ചേക്കും. കിരീടസാധ്യതയിൽ മുന്നിലുള്ള ബെംഗളുരുവിനെതിരെ ജയം എളുപ്പമാകില്ലെന്ന് ഹൈദരാബാദ് കോച്ച് മാനുവേല്‍ മാര്‍ക്വസ് പറഞ്ഞു.

കൊല്‍ക്കത്ത ഡര്‍ബിയില്‍ എടികെ മോഹന്‍ ബഗാന്‍

ഐഎസ്എല്ലിലെ കൊൽക്കത്ത ഡെര്‍ബിയിൽ എടികെ മോഹന്‍ ബഗാന്‍ ജയം സ്വന്തമാക്കി. ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് വീഴ്‌ത്തിയത്. 

അരങ്ങേറ്റത്തിന്‍റെ പതര്‍ച്ചയില്ലാതെ ഈസ്റ്റ് ബംഗാള്‍ തുടങ്ങിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. ക്ഷമയോടെ കാത്തിരുന്ന് നേട്ടം കൊയ്യുന്ന ഹബാസിന്‍റെ മാജിക് രണ്ടാം പകുതിയിൽ റോയ് കൃഷ്ണ തന്നെ നടപ്പാക്കി. കളിയിലേക്ക് തിരിച്ചുവരാനുള്ള ഈസ്റ്റ് ബംഗാള്‍ ശ്രമം തകര്‍ത്ത് 85-ാം മിനിറ്റില്‍ മന്‍വിര്‍ സിംഗിന്‍റെ സോളോ റണ്ണും ഗോളായി. എടികെ മോഹന്‍ ബഗാനാണ് തലപ്പത്ത്.