Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍ ചരിത്രത്തിലാദ്യം! ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്ത്

ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ബെംഗളൂരു 4-4-2 ശൈലിയിലും ഗോവ 4-2-3-1 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. 

Hero ISL 2020 21 Bengaluru FC will not be making the playoffs
Author
Fatorda, First Published Feb 21, 2021, 6:59 PM IST

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്ത്. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ബിഎഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്‌സി ഗോവ തോല്‍പിച്ചതോടെയാണിത്. അതേസമയം ജയത്തോടെ ഗോവ പ്ലേ ഓഫ് സാധ്യത കൂടുതല്‍ ശക്തമാക്കി. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിഎഫ്‌സി പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്. 

ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ബെംഗളൂരു 4-4-2 ശൈലിയിലും ഗോവ 4-2-3-1 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. മത്സരം തുടങ്ങി 25 മിനുറ്റിനുള്ളില്‍ തന്നെ രണ്ട് ഗോള്‍ ലീഡെടുത്തു ഗോവ. 20-ാം മിനുറ്റില്‍ ഗ്ലാന്‍ മാര്‍ട്ടിനസിന്‍റെ അസിസ്റ്റില്‍ ഇഗോര്‍ അംഗൂളോയും 23-ാം മിനുറ്റില്‍ റദീം തലാങും ലക്ഷ്യം കണ്ടു. അലക്‌സാണ്ടര്‍ ജെസൂരാജിന്‍റേതായിരുന്നു അസിസ്റ്റ്. എന്നാല്‍ കൂളിംഗ് ബ്രേക്ക് കഴിഞ്ഞെത്തി 33-ാം മിനുറ്റില്‍ സുരേഷ് വാങ്‌ജം ബെംഗളൂരുവിനായി ഗോള്‍ മടക്കി. ക്ലീറ്റന്‍ സില്‍വയുടേതായിരുന്നു അസിസ്റ്റ്. 

ഇതോടെ ഗോവയ്‌ക്ക് അനുകൂലമായി(2-1) ഇടവേളയ്‌ക്ക് പിരിഞ്ഞു. രണ്ടാം പകുതിയിലും ഏഴ് മിനുറ്റ് ഇഞ്ചുറിസമയത്തും ബെംഗളൂരു കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. 19 മത്സരങ്ങള്‍ ഇരു ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ 30 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു എഫ്‌സി ഗോവ. അതേസമയം 22 പോയിന്‍റുകളേ ബെംഗളൂരുവിനുള്ളൂ. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള എടികെ മോഹന്‍ ബഗാനും മുംബൈ സിറ്റിയുമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍.  

ഇന്നത്തെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എട്ടാമതും. തുടര്‍ തിരിച്ചടികള്‍ നേരിട്ട ബ്ലാസ്റ്റേഴ്‌സിന് പരിശീലകന്‍ കിബു വികൂനയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരം കൂടിയാണിത്. താല്‍ക്കാലിക കോച്ച് ഇഷ്‌ഫാഖ് അഹമ്മദിന്റെ മേല്‍നോട്ടത്തിലാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. പരിക്കില്‍ നിന്ന് മുക്തനായ ഫക്കുന്‍ഡോ പെരേര തിരിച്ചെത്തിയേക്കും.  

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios