മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി-ഒഡീഷ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സിനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി പത്താം സ്ഥാനത്തേക്ക് കയറി ഒഡീഷ. ചെന്നൈയിന്‍ എട്ടാം സ്ഥാനത്ത് തുടരും. ചെന്നൈയിന് 10 മത്സരങ്ങളില്‍ 11 ഉം ഒഡീഷയ്‌ക്ക് ആറും പോയിന്‍റുമാണുള്ളത്. 

ചെന്നൈയിന്‍ 4-2-3-1 ശൈലിയിലും ഒഡീഷ 4-4-2 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. ഗോള്‍ മാറി നിന്നെങ്കിലും ആദ്യപകുതിയില്‍ മികച്ചു നിന്നത് ചെന്നൈയിനാണ്. നിരവധി അവസരങ്ങള്‍ ഒത്തുവന്നെങ്കിലും മുതലാക്കാനായില്ല. രണ്ടാംപകുതിയിലും കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായില്ല. മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 4-2ന് തരിപ്പണമാക്കിയ പ്രകടനം ഒഡീഷ മറക്കുകയും ചെയ്തു.  

ഇന്നത്തെ രണ്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാണക്കേടിന്റെ പടുകുഴിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കളിച്ച ഒന്‍പത് മത്സരങ്ങളില്‍ ഏഴ് പോയിന്‍റുമായി അവസാന സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. 13 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്തുണ്ട്. ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ജംഷഡ്‌പൂരിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാം. 

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു; എതിരാളികള്‍ ജംഷഡ്പൂര്‍ എഫ്‌സി