മഡ്‌ഗാവ്: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യപകുതി ആവേശകരം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഓരോ ഗോളടിച്ച് ഇരു ടീമും സമനില പാലിക്കുകയാണ്. ആദ്യ മിനുറ്റുകളില്‍ ഗോള്‍മാറി നിന്ന മത്സരത്തില്‍ അവസാന 10 മിനുറ്റില്‍ ഗോളടിയും തിരിച്ചടിയുമായി ഇരുടീമും കളം വാഴുകയായിരുന്നു. 

വമ്പൻ മാറ്റങ്ങളുമായി ടീമുകൾ

ഗോവ മൂന്നും നോര്‍ത്ത് ഈസ്റ്റ് അഞ്ചും മാറ്റങ്ങളുമായാണ് മൈതാനത്ത് ഇറങ്ങിയത്. ഗോവ 4-3-1-2 ഫോര്‍മേഷനില്‍ ഇറങ്ങിയപ്പോള്‍ ഇഗോർ അൻഗ്യൂലോ, ജോർഗെ ഓർട്ടിസ് എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. 4-3-3 ശൈലിയില്‍ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലൂയസ് മഷാഡോ, ഇദ്രിസ്സാ സില്ല, മലയാളി താരം ബ്രിട്ടോ പിഎം എന്നിവരെ ആക്രമണത്തിൽ അണിനിരത്തി. 

ആവേശം ആദ്യ പകുതി 

അഞ്ചാം മിനുറ്റില്‍ തന്നെ ഗോവയ്‌ക്കായി ഓര്‍ട്ടിസ് ആദ്യ ആക്രമണം അഴിച്ചുവിട്ടു. 13-ാം മിനുറ്റില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് ഗോവയ്‌ക്ക് ലഭിച്ച ഫ്രീകിക്ക് ബേഡിയക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. അതേസമയം നോര്‍ത്ത് ഈസ്റ്റില്‍ ലൂയസ് മഷാഡോ കളംനിറഞ്ഞെങ്കിലും ഫലം കണ്ടില്ല. 24-ാം മിനുറ്റില്‍ ഗോവയുടെ സാവിയര്‍ ഗാമയുടെ ഇടംകാലന്‍ ഷോട്ടും പുറത്തേക്ക് പോയി. 

മുപ്പത്തിനാലാം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മഷാഡോയ്‌ക്ക് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ബ്രിട്ടോയുടെ ക്രോസ് സില്ല ക്രേസ് ബാറിന് മുകളിലൂടെ ഹെഡര്‍ ചെയ്ത് അവസരം പാഴാക്കി. 

അടി തിരിച്ചടി 

40-ാം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോളിന്‍റെ പിറവിയുണ്ടായി. സില്ലയെ ഇവാന്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത സില്ല നവാസിന്‍റെ ഇടതുവശത്തിലൂടെ വലയിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനുറ്റുകളുടെ ഇടവേളയില്‍ ഗോവ തിരിച്ചടിച്ചു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ ക്രോസ് അൻഗ്യൂലോ വലയിലേക്ക് തഴുകിവിട്ടു. സുഭാശിഷ് റോയ് ചൗധരിക്ക് കാഴ്‌ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. ഇതോടെ 1-1ന് ആദ്യപകുതി പിരിഞ്ഞു