മഡ്‌ഗാവ്: ഐഎസ്എല്ലില്‍ വീണ്ടുമൊരു സമനില മത്സരത്തിനാണ് ഫത്തോഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്തിയ എഫ്‌സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും രണ്ടാംപകുതിയില്‍ ലക്ഷ്യം കാണാതെ സമനില പാലിക്കുകയായിരുന്നു. ഗോവയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നയിച്ച 20 വയസുകാരന്‍ ലാലങ്‌മാവിയയാണ് മത്സരത്തിലെ 'ഹീറോ ഓഫ് ദ് മാച്ച്'. 

ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന നേട്ടം മത്സരത്തില്‍ ലാലങ്‌മാവിയ സ്വന്തമാക്കിയിരുന്നു. ഗോവയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റിന്‍റെ മധ്യനിരയുടെ ചുക്കാന്‍ പിടിക്കാനും ഈ യുവതാരത്തിനായി. 

എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം 1-1നാണ് സമനില പാലിച്ചത്. ആദ്യപകുതിയിലായിരുന്നു ഇരു ഗോളുകളും. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ്സാ സില്ലയും ഗോവയ്‌ക്കായി ഇഗോര്‍ അൻഗ്യൂലോയുമാണ് വല ചലിപ്പിച്ചത്. 

40-ാം മിനുറ്റിലെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. ഇവാന്‍റെ ഫൗളിന് ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത സില്ല, നവാസിന്‍റെ ഇടതുവശത്തിലൂടെ പന്ത് വലയിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനുറ്റുകളുടെ ഇടവേളയില്‍ ഗോവ തിരിച്ചടിച്ചു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ ക്രോസ് അൻഗ്യൂലോ വലയിലേക്ക് തഴുകിവിട്ടു. ആദ്യപകുതി 1-1ന് പിരിഞ്ഞപ്പോള്‍ രണ്ടാംപകുതി ഗോള്‍നിഴല്‍ മാത്രമായി. 

ഗോള്‍ പിറക്കാത്ത രണ്ടാംപകുതി; ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍