മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഫക്കുൻഡോ പെരേര പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ നാല് കളിയിലും ഫക്കുൻഡോ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടായിരുന്നില്ല. 

ഞായറാഴ്ച ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഫക്കുൻഡോ ടീമിൽ തിരിച്ചത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് സീസണിൽ രണ്ട് കളിയാണ് ശേഷിക്കുന്നത്. ഈമാസം 26ന് നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. 

സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ കിബു വികൂനയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരുന്നു. ഹൈദരാബാദ് എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെയാണ് നടപടി. സഹപരിശീലകനും മുന്‍താരവുമായ ഇഷ്‌ഫാഖ് അഹമ്മദിനാണ് താല്‍ക്കാലിക ചുമതല. അവസാന രണ്ട് കളികളിലും ഇഷ്‌ഫാഖിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. 

ഐഎസ്എല്‍ ഏഴാം സീസണില്‍ വെറും മൂന്ന് ജയങ്ങള്‍ മാത്രം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. 18 മത്സരങ്ങള്‍ കളിച്ച ടീം ആകെ നേടിയത് 16 പോയിന്‍റ്. ഒഡിഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന് പിന്നിലുള്ള ഏക ടീം. 

ഐഎസ്‌എല്ലിൽ ഇന്ന് കൊൽക്കത്ത ഡർബി; പകരം വീട്ടാന്‍ ഈസ്റ്റ് ബംഗാള്‍