Asianet News MalayalamAsianet News Malayalam

ആരാധകര്‍ക്ക് വിജയസമ്മാനം തുടരുമോ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് എതിരാളികള്‍ ഗോവ

ആദ്യ ഒൻപത് കളിയിൽ ആറ് പോയിന്റ് മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് അവസാന മൂന്ന് കളിയിൽ ഏഴ് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. 

Hero ISL 2020 21 Kerala Blasters vs FC Goa Preview
Author
Madgaon, First Published Jan 23, 2021, 9:24 AM IST

മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

ഏറ്റവും വലിയ ശത്രുക്കളായ ബെംഗളൂരുവിനെ കീഴടക്കിയ പുത്തനുണർവിലാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോവയ്‌ക്കെതിരെ ഇറങ്ങുന്നത്. കെ.പി രാഹുലിന്റെ ഈ ഇഞ്ചുറിടൈം ഗോളായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് ജയം സമ്മാനിച്ചത്. ആദ്യ ഒൻപത് കളിയിൽ ആറ് പോയിന്റ് മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് അവസാന മൂന്ന് കളിയിൽ ഏഴ് പോയിന്റ് സ്വന്തമാക്കി.

ഇന്ന് ജയിച്ചാല്‍ കാര്യമുണ്ട്

19 പോയിന്റുമായി മൂന്നാമതുള്ള ഗോവയെ കീഴടക്കിയാൽ ഒൻപതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പ്ലേ ഓഫിനെക്കുറിച്ച് ചിന്തിക്കാം. അവസാന നാല് കളിയിൽ എതിർ പോസ്റ്റിലേക്ക് തൊടുത്ത 24 ഷോട്ടുകളും എട്ട് ഗോളും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു. അവസാന അഞ്ച് കളിയിലും തോൽവി അറിയാത്ത ഗോവ, ബ്ലാസ്റ്റേഴ്സിനെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള ടീമുകളിൽ ഒന്നാണ്. 

ഇഗോർ‍ അൻഗ്യൂലോയെയും ജോർഗെ ഓർട്ടിസിനെയും പിടിച്ചുകെട്ടാൻ പ്രതിരോധത്തിലെ വിടവുകൾ നികത്തിയേ മതിയാവൂ. ആറ് ഗോൾ ജോർദാൻ മുറേയുടെ ബൂട്ടുകളിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഉറ്റുനോക്കുന്നത്. ഇരുടീമും 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ ഒൻപതിലും ബ്ലാസ്റ്റേഴ്സ് മൂന്നിലും ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. സീസണിലെ ആദ്യപാദത്തിൽ നേർക്കുനേർ വന്നപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം ഗോവയ്‌ക്കൊപ്പം. അന്നത്തെ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. 

മുംബൈ മുന്നോട്ട്

അതേസമയം ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ ജൈത്രയാത്ര തുടരുകയാണ്. മുംബൈ എതിരില്ലാത്ത ഒറ്റഗോളിന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഇരുപത്തിയേഴാം മിനിറ്റിൽ മൗ‍ർതാഡ ഫാളാണ് കളിയുടെ വിധിനിശ്ചയിച്ച ഗോൾ നേടിയത്. സീസണിൽ മുംബൈയുടെ ഒൻപതാം ജയമാണിത്. 29 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

രണ്ടാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാനെക്കാൾ അഞ്ച് പോയിന്റിന് മുന്നിലാണ് ഇപ്പോൾ മുംബൈ സിറ്റി. അഞ്ചാം തോൽവി നേരിട്ട ഈസ്റ്റ് ബംഗാൾ 13 കളിയിൽ 12 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ്.

റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന് കൊവിഡ്

Follow Us:
Download App:
  • android
  • ios