മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി മത്സരം അല്‍പസമയത്തിനകം. സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അഞ്ച് മാറ്റവുമായാണ് ഇറങ്ങുന്നത്. പ്രതിരോധത്തില്‍ കോസ്റ്റ-കോനെ സഖ്യം ഇന്നില്ല. അതേസമയം കൊളാക്കോ ലിസ്റ്റണ്‍ രണ്ട് മത്സരത്തിന് ശേഷം തിരിച്ചെത്തുന്നത് മാത്രമാണ് ഹൈദരാബാദിന്‍റെ മാറ്റം.

മലയാളി താരങ്ങളായ രാഹുല്‍ കെ പിയും സഹല്‍ അബ്‌ദുല്‍ സമദും അബ്‌ദുള്‍ ഹക്കുവും ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനിലുണ്ട്. 

നിലവില്‍ ആറ് കളിയില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ആറ് കളിയില്‍ ഒന്‍പത് പോയിന്റുള്ള ഹൈദരാബാദിന്റെ നിലയും സുരക്ഷിതമല്ല. ഒന്‍പത് പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍ ഹൈദരാബാദ്. ഇന്നുംകൂടി പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ പരിതാപകരമാവും.