Asianet News MalayalamAsianet News Malayalam

ഹൈദരാബാദിന്‍റെ നെഞ്ചത്ത് ഇരട്ട വെടി; ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

മലയാളി താരം അബ്‌ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറേയുമാണ് ഗോളുകള്‍ പേരിലാക്കിയത്. 

Hero ISL 2020 21 Kerala Blasters win first match in season
Author
Madgaon, First Published Dec 27, 2020, 9:26 PM IST

മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. ഹൈദരാബാദ് എഫ്‌‌സിക്കെതിരായ മത്സരം എതിരില്ലാത്ത രണ്ട് ഗോളിന് മഞ്ഞപ്പട വിജയിച്ചു. മലയാളി താരം അബ്‌ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറേയുമാണ് ഗോളുകള്‍ പേരിലാക്കിയത്. ഏഴാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയമധുരം ആദ്യമായി നുണഞ്ഞത്. ആറ് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാമതും ഒന്‍പത് പോയിന്‍റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തുമാണ്. 

സര്‍പ്രൈസ് ഇലവന്‍

ഹൈദരാബാദ് 4-2-3-1 ഫോര്‍മേഷനിലും ബ്ലാസ്റ്റേഴ്‌സ് 4-3-3 ശൈലിയിലും മൈതാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അഞ്ച് മാറ്റവുമായാണ് ഇറങ്ങിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിയും സഹല്‍ അബ്‌ദുല്‍ സമദും അബ്‌ദുള്‍ ഹക്കുവും ആദ്യ ഇലവനിലെത്തി. പ്രതിരോധത്തില്‍ പതിവ് കോസ്റ്റ-കോനെ സഖ്യത്തിന് പകരം ഇന്ത്യന്‍ പ്രതിരോധക്കോട്ടയാണ് വികൂന കെട്ടിയത്. 

ഗോള്‍ അകലം പാലിച്ച് ആദ്യമിനുറ്റുകള്‍ 

11-ാം മിനുറ്റില്‍ ആശിഷ് റായിയില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് സഹല്‍ അബ്‌ദുള്‍ സമദ് ആദ്യ ശ്രമം നടത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. തൊട്ടുപിന്നാലെ ജോര്‍ദാന്‍ മുറേയുടെ ബൈസിക്കിള്‍ കിക്ക് ശ്രമവും പാളി. 14-ാം മിനുറ്റില്‍ ലിസ്റ്റണ്‍ ഹൈദരാബാദിനായി ഓണ്‍ടാര്‍ഗറ്റ് ഷോട്ടുതിര്‍ത്തെങ്കിലും ആല്‍ബിനോ ഗോമസ് തടുത്തു. 17-ാം മിനുറ്റില്‍ നിഷു കുമാര്‍ മിന്നല്‍ ഷോട്ടിന് ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല. 22-ാം മിനുറ്റില്‍ ഹൈദരാബാദ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ മുഹമ്മദ് യാസിറിന്‍റെ അസിസ്റ്റ് മുതലാക്കാന്‍ അരിഡാന സാന്‍റാനയ്‌ക്കായില്ല. 

ഹക്കു വന്നു ഗോളോടെ

ഇരു ടീമുകളുടെയും തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 29-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു മലയാളി ഡിഫന്‍റര്‍ അബ്‌ദുള്‍ ഹക്കു. സീസണില്‍ ആദ്യമായി ഇറങ്ങിയ ഹക്കു, ഫക്കുണ്ടോ പെരേരയുടെ കോര്‍ണറില്‍ ഹെഡര്‍ കൊണ്ട് വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ ഹക്കുവിന്‍റെ ആദ്യ ഗോള്‍ കുടിയാണിത്. അതേസമയം 45-ാം മിനുറ്റില്‍ സുവര്‍ണാവസരം സാന്‍റാന പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. 

ആവേശം രണ്ടാംപകുതിയും 

ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ജോര്‍ദാന്‍ മുറേ 56-ാം മിനുറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം പാഴാക്കി. എന്നാല്‍ തൊട്ടടുത്ത മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് കെ പി രാഹുലിന്‍റെ ബുള്ളറ്റ് ഷോട്ട് സുബ്രതോ പോള്‍ സാഹസികമായി തട്ടിയകറ്റി. 77-ാം മിനുറ്റില്‍ ജാവോ വിക്‌ടറിന്‍റെ ലോംഗ് റേഞ്ചര്‍ ബാറിന് മുകളിലൂടെ കടന്നുപോയി. 78-ാം മിനുറ്റില്‍ സഹലിനെ പിന്‍വലിച്ചു. 80-ാം മിനുറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ മഴവില്‍ ഷോട്ട് പോസ്റ്റിനെ ഉരുമി കടന്നുപോയി. 

ജയമുറപ്പിച്ച് മുറേ

82-ാം മിനുറ്റില്‍ വലത് വിങ്ങിലൂടെ കുതിച്ച രാഹുല്‍ ഷോട്ടുതിര്‍ത്തെങ്കിലും സുബ്രതോ പുറത്തേക്ക് തട്ടിയകറ്റി. 87-ാം മിനുറ്റില്‍ ആല്‍ബിനോ ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായി. തൊട്ടുപിന്നാലെ 88-ാം മിനുറ്റില്‍ ജോര്‍ദാന്‍ മുറേ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം ഗോളുമായി സീസണിലെ ആദ്യ ജയം ഊട്ടിയുറപ്പിച്ചു. 

Follow Us:
Download App:
  • android
  • ios