സൂപ്പർസബ് ഇഷാന്‍ പണ്ഡിതയുടെ ഇഞ്ചുറിടൈം ഗോളില്‍ സമനില പിടിക്കുകയായിരുന്നു ഗോവ. 

മഡ്‍ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ മുംബൈ സിറ്റി-എഫ്‍സി ഗോവ മത്സരം സമനിലയില്‍. ഇരു ടീമുകളും മൂന്ന് വീതം ഗോള്‍ നേടി. പിന്നില്‍ നിന്ന ശേഷം സൂപ്പർസബ് ഇഷാന്‍ പണ്ഡിതയുടെ ഇഞ്ചുറിടൈം ഗോളില്‍ സമനില പിടിക്കുകയായിരുന്നു ഗോവ. 

മുംബൈ സിറ്റി എഫ്‍സി വ്യക്തമായ മുന്‍തൂക്കം നേടുന്നതായി ജിഎംസി സ്റ്റേഡിയത്തിലെ ആദ്യ മിനുറ്റുകള്‍. 20-ാം മിനുറ്റില്‍ ഹ്യൂഗോ ബൌമസിലൂടെ ആദ്യ ഗോള്‍. 26-ാം മിനുറ്റില്‍ ആദം ലേ ഫോന്‍ഡ്രേയിലൂടെ രണ്ടാം ഗോള്‍. എന്നാല്‍ 45-ാം മിനുറ്റില്‍ ഗ്ലാന്‍ മാർട്ടിന്‍സിലൂടെ മറുപടി നല്‍കിയാണ് ഗോവ ഇടവേളയ്‍ക്ക് പിരിഞ്ഞത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ 51-ാം മിനുറ്റില്‍ ഇഗോർ അംഗൂളോയും ലക്ഷ്യം കണ്ടതോടെ സ്‍കോർ 2-2.

മത്സരം സമനിലയില്‍ തീരും എന്ന് കരുതിയിരിക്കേ 90-ാം മിനുറ്റില്‍ മുംബൈക്കായി റൌളിന്‍ ബോർജസ് വല കുലുക്കി. എന്നാല്‍ നാടകീയത അവിടംകൊണ്ടും അവസാനിച്ചില്ല. ഇഞ്ചുറിടൈമിന്‍റെ ആറാം മിനുറ്റില്‍ എത്തിയപ്പോള്‍ ഇഷാന്‍ പണ്ഡിത വീണ്ടുമൊരിക്കല്‍ കൂടി ഗോവയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 

സമനിലയെങ്കിലും മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ 34 പോയിന്‍റാണ് അവർക്കുള്ളത്. 16 കളിയില്‍ 23 പോയിന്‍റുള്ള ഗോവ മൂന്നാം സ്ഥാനത്തും.